Saturday, July 4, 2026

കാട്ടുതീ ഭീതിയിൽ കെബെക്ക്: സഹായഹസ്തവുമായി ബിസി, ന്യൂബ്രൺസ്വിക്, PEI

മണ്‍ട്രിയോള്‍: കെബെക്ക് പ്രവിശ്യയുടെ വടക്കന്‍ മേഖലകളില്‍ കാട്ടുതീ (wildfire) പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ മറ്റ് മൂന്ന് പ്രവിശ്യകളുടെ സഹായം തേടി അധികൃതര്‍. കെബെക്കിലെ വനസംരക്ഷണ-കാട്ടുതീ പ്രതിരോധ ഏജന്‍സിയായ ‘SOPFEU’ വിനെ സഹായിക്കാന്‍ ന്യൂബ്രണ്‍സ്‌വിക്, പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ്, ബ്രിട്ടിഷ് കൊളംബിയ എന്നീ പ്രവിശ്യകളാണ് രംഗത്തെത്തിയിരിക്കുന്നത്. നിലവില്‍ കാട്ടുതീ ബാധിത പ്രദേശങ്ങളില്‍ വിന്യസിച്ചിരിക്കുന്ന കെബെക്കിലെ 640 അഗ്‌നിശമന സേനാംഗങ്ങള്‍ക്കും സഹായ ജീവനക്കാര്‍ക്കും പുതിയ സന്നാഹം വലിയ പിന്തുണയാകും.

ബ്രിട്ടിഷ് കൊളംബിയയില്‍ നിന്നുള്ള 63 കാട്ടുതീ പ്രതിരോധ വിദഗ്ദ്ധര്‍ ജൂലൈ 3-ന് കെബെക്കിലെത്തിയിരുന്നു. ഇതിന് പിന്നാലെ ജൂലൈ 4-ഓടെ ന്യൂബ്രണ്‍സ്വിക്ക് പ്രവിശ്യയില്‍ നിന്ന് 21 പേരും പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡില്‍ നിന്ന് 17 പേരും അടങ്ങുന്ന സംഘവും സഹായത്തിനായി എത്തും. കണക്കുകള്‍ പ്രകാരം കെബെക്കിന്റെ വടക്കന്‍ മേഖലയില്‍ 186 സജീവ കാട്ടുതീകളും, പ്രവിശ്യയുടെ പ്രത്യേക സംരക്ഷിത മേഖലയില്‍ (protection zone) 14 തീപിടുത്തങ്ങളും നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കനത്ത ചൂടും വരണ്ട കാലാവസ്ഥയുമാണ് പലയിടങ്ങളിലും കാട്ടുതീ പടരാന്‍ കാരണമായത്. അതേസമയം, പ്രവിശ്യയിലെ കാട്ടുതീ പൂര്‍ണ്ണമായും അണയ്ക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്നും ഇത്തരമൊരു സാഹചര്യത്തില്‍ മറ്റ് പ്രവിശ്യകളില്‍ നിന്നുള്ള ഈ അഗ്‌നിശമന സേനാംഗങ്ങളുടെ വരവ് സഹായിക്കുമെന്ന് ഏജന്‍സി കൂട്ടിച്ചേര്‍ത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!