Sunday, July 5, 2026

പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി തുര്‍ക്കിയിലേക്ക്; നാറ്റോ ഉച്ചകോടിക്ക് തിങ്കളാഴ്ച തുടക്കം

ഓട്ടവ: കാനഡയും തുര്‍ക്കിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി തിങ്കളാഴ്ച തുര്‍ക്കി തലസ്ഥാനമായ അങ്കാറയിലേക്ക് തിരിക്കും. 2015-ന് ശേഷം ഒരു കനേഡിയന്‍ പ്രധാനമന്ത്രി തുര്‍ക്കി സന്ദര്‍ശിക്കുന്നത് ഇതാദ്യമായാണ്. അങ്കാറയില്‍ നടക്കുന്ന വാര്‍ഷിക നാറ്റോ (NATO) ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം, വ്യാപാര-നിക്ഷേപ പങ്കാളിത്തം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സൗദി അറേബ്യയും സന്ദര്‍ശിക്കുന്ന മാര്‍ക്ക് കാര്‍ണിയുടെ ഒരാഴ്ച നീളുന്ന മിഡില്‍ ഈസ്റ്റ് പര്യടനത്തിനാണ് തിങ്കളാഴ്ച തുടക്കമാകുന്നത്.

ജൂലൈ 7, 8 തീയതികളില്‍ നടക്കുന്ന ഇത്തവണത്തെ നാറ്റോ ഉച്ചകോടി പതിവു രീതികളില്‍ നിന്ന് മാറി സമയദൈര്‍ഘ്യം ചുരുക്കിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നാറ്റോ സഖ്യകക്ഷികളോടുള്ള മുന്‍കോപവും പരസ്യവിമര്‍ശനങ്ങളും മൂലമുണ്ടാകാനിടയുള്ള അസ്വാരസ്യങ്ങള്‍ ഒഴിവാക്കാനാണ് ഉച്ചകോടി ഒരു അത്താഴവിരുന്നിലും ഒരൊറ്റ സമ്മേളനത്തിലുമായി ചുരുക്കിയതെന്ന് നാറ്റോയിലെ മുന്‍ കനേഡിയന്‍ അംബാസഡര്‍ കെറി ബക്ക് വിലയിരുത്തി. 2035 ഓടെ രാജ്യത്തിന്റെ ജിഡിപിയുടെ (GDP) അഞ്ച് ശതമാനം പ്രതിരോധ മേഖലയ്ക്കായി നീക്കിവെക്കണമെന്ന നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെയുടെ നിര്‍ദ്ദേശത്തെക്കുറിച്ചും കാനഡയുടെ പ്രതിരോധ ചെലവുകളെക്കുറിച്ചും കാര്‍ണി ഉച്ചകോടിയില്‍ സംസാരിക്കും.

ഊര്‍ജ്ജ കയറ്റുമതി, സാമ്പത്തിക-വ്യാപാര അവസരങ്ങള്‍, പ്രതിരോധം, ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നീ നാല് തൂണുകളിലൂന്നിയാണ് കാനഡ തുര്‍ക്കിയുമായുള്ള ബന്ധം വിഭാവനം ചെയ്യുന്നത്. റഷ്യയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ കാനഡയുടെ ആണവ സാങ്കേതികവിദ്യയില്‍ തുര്‍ക്കി താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഒപ്പം ഗാസയിലെ പലസ്തീനികള്‍ക്ക് സഹായമെത്തിക്കാന്‍ പോയ കനേഡിയന്‍ ആക്ടിവിസ്റ്റുകളെ ഇസ്രായേല്‍ തടങ്കലില്‍ വെച്ചപ്പോള്‍ അവരെ മോചിപ്പിക്കാന്‍ തുര്‍ക്കി കാനഡയെ സഹായിച്ചിരുന്നു. എന്നിരുന്നാലും, അര്‍മേനിയന്‍ വംശഹത്യയുമായി ബന്ധപ്പെട്ട കാനഡയുടെ നിലപാടുകളും, മുന്‍പ് തുര്‍ക്കിക്ക് ഏര്‍പ്പെടുത്തിയ ആയുധ ഉപരോധവും, തുര്‍ക്കിയിലെ രാഷ്ട്രീയ വിമതര്‍ക്ക് കാനഡ അഭയം നല്‍കുന്നതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ചില തര്‍ക്കവിഷയങ്ങളാണ്.

റഷ്യ-യുക്രെയ്ന്‍ യുദ്ധം, സിറിയയിലെ ഭരണകൂട തകര്‍ച്ച, വാഷിങ്ടണ്‍ ഇറാാനെതിരെ പ്രഖ്യാപിച്ച യുദ്ധം തുടങ്ങിയ പ്രതിസന്ധികള്‍ക്കിടയിലും മിഡില്‍ ഈസ്റ്റില്‍ താരതമ്യേന സ്ഥിരത പുലര്‍ത്തുന്ന തുര്‍ക്കി കാനഡയ്ക്ക് തന്ത്രപ്രധാനമായ ഒരു പങ്കാളിയാണ്. കനത്ത പണപ്പെരുപ്പത്തിലൂടെ കടന്നുപോകുന്ന തുര്‍ക്കിയില്‍, ഉച്ചകോടിയുടെ ഭാഗമായി കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ നേതൃത്വത്തില്‍ അങ്കാറയില്‍ ഒരുക്കിയിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!