വെല്ലിങ്ടണ്‍: ഖലിസ്ഥാന്‍ തീവ്രവാദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ന്യൂസിലന്‍ഡ് സര്‍ക്കാരിന്റെ കര്‍ശന നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്സണ്‍. തങ്ങളുടെ രാജ്യത്ത് ക്രിമിനല്‍ സ്വഭാവമുള്ള പെരുമാറ്റങ്ങളോ നിയമലംഘനങ്ങളോ ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്ന് CNNന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ ഖലിസ്ഥാന്‍ വാദം വളരെയധികം വേദനയും ദുരിതവും വലിയ തോതില്‍ ജീവഹാനിയും ഉണ്ടാക്കിയിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം തങ്ങള്‍ മനസ്സിലാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു ലിബറല്‍ ജനാധിപത്യ രാജ്യമെന്ന നിലയില്‍ ന്യൂസിലന്‍ഡ് പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ പൂര്‍ണ്ണമായി വിലമതിക്കുന്നുണ്ട്. എന്നാല്‍ ഈ സ്വാതന്ത്ര്യം നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ലൈസന്‍സല്ല. ന്യൂസിലന്‍ഡില്‍ താമസിക്കുന്ന എല്ലാ പൗരന്മാരും രാജ്യത്തെ നിയമങ്ങള്‍ കൃത്യമായി പാലിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. നിലവിലുള്ള ഖലിസ്ഥാന്‍ വിരുദ്ധ വികാരങ്ങളോ അനുബന്ധ വിഷയങ്ങളോ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ യാതൊരു തരത്തിലും ബാധിക്കില്ലെന്നും ലക്സണ്‍ വിലയിരുത്തി.

പൊതുസമൂഹത്തില്‍ ഭീഷണികളോ, ഭയപ്പെടുത്തലുകളോ, അക്രമങ്ങളോ ഉണ്ടാകുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. അത്തരം വിഘടനവാദപരമായ നീക്കങ്ങളില്‍ ന്യൂസിലന്‍ഡ് പോലീസ് അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. 2024-ല്‍ രാജ്യത്ത് നടന്ന ചില പ്രതിഷേധങ്ങള്‍ നിയമപരിധിക്കുള്ളിലായിരുന്നുവെന്നും പോലീസ് അവ കൃത്യമായി നിരീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനാധിപത്യപരമായ അവകാശങ്ങള്‍ ആസ്വദിക്കുന്നതിനൊപ്പം തന്നെ പൗരന്മാര്ക്ക് രാജ്യത്തോടുള്ള ഉത്തരവാദിത്തങ്ങളും ഉണ്ടെന്ന് ലക്സണ്‍ ഓര്‍മ്മിപ്പിച്ചു.
ന്യൂസിലന്‍ഡില്‍ ഖലിസ്ഥാന്‍ അനുകൂലികള്‍ ആസൂത്രണം ചെയ്യുന്ന ഹിതപരിശോധന (Referendum) അനുവദിക്കുമോ എന്ന നിര്‍ണ്ണായക ചോദ്യത്തിന്, പോലീസിന്റെ സുരക്ഷാ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ഏത് തരത്തിലുള്ള ക്രമസമാധാന വെല്ലുവിളികളെയും നേരിടാന്‍ ന്യൂസിലന്‍ഡ് പോലീസ് സജ്ജമാണ്. രാജ്യത്തെ നിയമങ്ങള്‍ വിദേശികളെന്നോ സ്വദേശികളെന്നോ ഭേദമില്ലാതെ എല്ലാവര്ക്കും ഒരുപോലെ ബാധകമാണെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.
