Tuesday, July 7, 2026

ഇന്ധനവില ഉയർന്നു; അമേരിക്കയിലേക്കുള്ള സർവീസുകൾ കുറച്ച് എയർ കാനഡ

ടൊറന്റോ:വിമാന ഇന്ധനവിലയിലെ കുതിച്ചുചാട്ടവും അമേരിക്കൻ റൂട്ടുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ ഇടിവും ചൂണ്ടിക്കാട്ടി എയർ കാനഡ അമേരിക്കയിലേക്കുള്ള സർവീസുകൾ വീണ്ടും വെട്ടിക്കുറയ്ക്കുന്നു. വരുന്ന ഒക്ടോബർ-നവംബർ മാസങ്ങൾ മുതൽ അമേരിക്കയിലേക്കുള്ള എട്ട് പ്രധാന റൂട്ടുകളിലെ സർവീസുകൾ നിർത്തുകയോ സമയക്രമത്തിൽ മാറ്റം വരുത്തുകയോ ചെയ്യുമെന്ന് കമ്പനി അറിയിച്ചു.

ഇറാനുമായി ബന്ധപ്പെട്ട സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ വിമാന ഇന്ധനവില ഉയർന്നതോടെ നിരവധി സർവീസുകൾ നഷ്ടത്തിലായതാണ് തീരുമാനത്തിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. ടൊറന്റോ, മൺട്രിയോൾ എന്നിവിടങ്ങളിൽ നിന്ന് അമേരിക്കയുടെ മിഡ്‌വെസ്റ്റ് മേഖലയിലേക്കുള്ള മൂന്ന് സർവീസുകൾ ഇത്തവണത്തെ ശൈത്യകാല സീസണിലും ഉണ്ടാകില്ല.

അതേസമയം, ഓട്ടവ, മൺട്രിയോൾ, കെബെക് സിറ്റി എന്നിവിടങ്ങളിൽ നിന്ന് ഫ്ലോറിഡയിലേക്കുള്ള പ്രത്യേക സർവീസുകൾ പതിവുപോലെ ഒക്ടോബറിൽ ആരംഭിക്കാതെ ഡിസംബറിലായിരിക്കും ആരംഭിക്കുക. മൺട്രിയോൾ, ടൊറന്റോ എന്നിവിടങ്ങളിൽ നിന്ന് ന്യൂയോർക്കിലെ ജോൺ എഫ്. കെനഡി (JFK) അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള മുൻപ് നിർത്തിവെച്ച സർവീസുകൾ ഈ ശൈത്യകാലത്തും പുനരാരംഭിക്കില്ലെന്നും പുതിയ സർവീസ് സമയപ്പട്ടിക വ്യക്തമാക്കുന്നു.

മുൻവർഷങ്ങളെ അപേക്ഷിച്ച് അമേരിക്കയിൽ നിന്ന് വിമാനമാർഗം കാനഡയിലേക്ക് മടങ്ങുന്ന യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. നഷ്ടം കുറയ്ക്കുന്നതിനായി എയർ കാനഡയ്ക്ക് പുറമെ വെസ്റ്റ്‌ജെറ്റും എയർ ട്രാൻസാറ്റും നേരത്തെ തന്നെ അമേരിക്കൻ സർവീസുകളിൽ വെട്ടിക്കുറവ് വരുത്തിയിരുന്നു.

യാത്രക്കാരുടെ ആവശ്യകതയും സീസണൽ സാഹചര്യങ്ങളും വിലയിരുത്തിയാണ് സർവീസുകളിൽ മാറ്റം വരുത്തിയതെന്ന് എയർ കാനഡ വക്താവ് ആഞ്ചല മഹ് പറഞ്ഞു. ന്യൂയോർക്കിലെ JFK വിമാനത്താവളത്തിലേക്കുള്ള സർവീസുകൾ ഭാവിയിൽ പുനരാരംഭിക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നും അവർ അറിയിച്ചു. അതുവരെ യാത്രക്കാരുടെ സൗകര്യം മുൻനിർത്തി ടൊറന്റോയിലെ ബില്ലി ബിഷപ്പ് വിമാനത്താവളത്തിൽ നിന്ന് ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിലേക്ക് പ്രതിദിനം അഞ്ച് സർവീസുകൾ വരെ നടത്താനാണ് കമ്പനി നിലവിൽ പദ്ധതിയിടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!