അങ്കാറ: നാറ്റോ ഉച്ചകോടിയുടെ ഭാഗമായി തുർക്കി തലസ്ഥാനമായ അങ്കാറയിൽ കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി വിവിധ സഖ്യരാജ്യ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പ്രതിരോധ ഫണ്ടിംഗിനായുള്ള ആഗോള ബാങ്ക് പദ്ധതിക്ക് (DSRB) കൂടുതൽ പിന്തുണ ഉറപ്പാക്കുക, അന്താരാഷ്ട്ര പ്രതിരോധം, സുരക്ഷാ സഹകരണം എന്നിവയാണ് ഈ കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം.
ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗാനുമായി കാർണി കൂടിക്കാഴ്ച നടത്തി. യുക്രൈൻ പ്രസിഡന്റ് വ്ളാഡിമർ സെലെൻസ്കിയുമായുള്ള കൂടിക്കാഴ്ചയും അദ്ദേഹത്തിന്റെ ഔദ്യോഗിക പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു.ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജേ മ്യുങുമായി കൂടിക്കാഴ്ച നടത്താനും ജർമൻ ചാൻസലർ ഫ്രെഡറിക് മെർസും നോർവേ പ്രധാനമന്ത്രി ജോനാസ് ഗാർ സ്റ്റോറുമായും ത്രികക്ഷി ചർച്ച നടത്താനും കാർണി പദ്ധതിയിട്ടിരുന്നു.
റോയൽ കനേഡിയൻ നാവികസേനയ്ക്കായി പുതിയ അന്തർവാഹിനി ശൃംഖല ഒരുക്കുന്നതിനുള്ള പദ്ധതിയിൽ ജർമൻ-നോർവീജിയൻ കൺസോർഷ്യത്തെ മുൻഗണനാ കരാറുകാരായി തിരഞ്ഞെടുത്തതിന് പിന്നാലെയാണ് കാർണിയുടെ തുർക്കി സന്ദർശനം.

നാറ്റോ ഉച്ചകോടിയിൽ പ്രതിരോധ ബജറ്റ് വർധനയും സഖ്യരാജ്യങ്ങളുടെ ഐക്യവും പ്രധാന ചർച്ചാവിഷയങ്ങളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചകോടിയുടെ ഭാഗമായി വിവിധ രാജ്യങ്ങൾ പതിനായിരക്കണക്കിന് കോടി ഡോളറിന്റെ പ്രതിരോധ ചെലവ് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ആഗോള പ്രതിരോധ മേഖലയിലെ വളർച്ചയ്ക്ക് ധനസഹായം നൽകാൻ ബഹുരാഷ്ട്ര പ്രതിരോധ ബാങ്ക് രൂപീകരിക്കണമെന്ന ആശയം കാർണി സഖ്യരാജ്യങ്ങൾക്കിടയിൽ മുന്നോട്ടുവച്ചിട്ടുണ്ട്. പ്രതിരോധ മേഖലയിലെ ധനസഹായവുമായി ബന്ധപ്പെട്ട പാനൽ ചർച്ചയിൽ കാർണി പങ്കെടുക്കാനിരുന്നെങ്കിലും പിന്നീട് അത് ഒഴിവാക്കി. വിദേശകാര്യ മന്ത്രി അനിത ആനന്ദ് ഈ ചർച്ചയിൽ പങ്കെടുക്കും.
നാറ്റോ നേതാക്കൾ ബുധനാഴ്ച നടക്കുന്ന പ്രധാന നോർത്ത് അറ്റ്ലാന്റിക് കൗൺസിൽ യോഗത്തിന് മുന്നോടിയായി ചൊവ്വാഴ്ച വൈകുന്നേരം അത്താഴ വിരുന്നിൽ പങ്കെടുക്കും.ഈ വർഷത്തെ നാറ്റോ ഉച്ചകോടി കൂടുതൽ ചുരുക്കിയ രീതിയിലാണ് സംഘടിപ്പിക്കുന്നത്. സഖ്യരാജ്യങ്ങൾക്കിടയിലെ നയതന്ത്ര സംഘർഷങ്ങൾ ഒഴിവാക്കുന്നതിനാണ് ഈ സമീപനമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
