Tuesday, July 7, 2026

കാനഡയിൽ ഫസ്റ്റ് റെസ്പോണ്ടർമാർക്കെതിരായ ആക്രമണം; കർശന ശിക്ഷ ഉറപ്പാക്കി പുതിയ നിയമം ജൂലൈ 15 മുതൽ

ഓട്ടവ: ഡ്യൂട്ടിക്കിടെ ഫയർഫൈറ്റർമാർ, പാരാമെഡിക്കുകൾ, പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഫസ്റ്റ് റെസ്പോണ്ടർമാർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ കർശന നടപടിയുമായി കാനഡ. ഫെഡറൽ സർക്കാരിന്റെ ബെയിൽ ആൻഡ് സെന്റൻസിംഗ് റീഫോം ആക്ട് (ബിൽ C-14) പ്രകാരമുള്ള പുതിയ നിയമഭേദഗതി ജൂലൈ 15 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരും.

പുതിയ നിയമപ്രകാരം, ഡ്യൂട്ടിയിലിരിക്കെ അടിയന്തര സേവന പ്രവർത്തകർക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ കോടതി അതീവ ഗുരുതരമായ കുറ്റകൃത്യമായി പരിഗണിച്ച് ശിക്ഷ വിധിക്കും. ഇതുവരെ പ്രധാനമായും പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ആക്രമണങ്ങൾക്ക് നൽകിയിരുന്ന പ്രത്യേക നിയമപരമായ പരിഗണന ഇനി ഫയർഫൈറ്റർമാർക്കും പാരാമെഡിക്കുകൾ ഉൾപ്പെടെയുള്ള മറ്റ് ഫസ്റ്റ് റെസ്പോണ്ടർമാർക്കും ബാധകമാകും.

രാജ്യത്ത് അടിയന്തര സേവന പ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ നിയമം കൂടുതൽ ശക്തമാക്കിയത്. വെസ്റ്റേൺ കാനഡയിലെ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന സംഘടനകളുടെ റിപ്പോർട്ടുകൾ പ്രകാരം, അടിയന്തര സഹായത്തിനായി എത്തുന്ന ജീവനക്കാർ പലപ്പോഴും ശാരീരിക ആക്രമണങ്ങളും ഭീഷണികളും മാനസിക പീഡനവും നേരിടുന്നുണ്ട്.

ഓട്ടവയിൽ മാത്രം ഈ വർഷം ഇതുവരെ ഫസ്റ്റ് റെസ്പോണ്ടർമാർക്ക് നേരെ 25 ആക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഈ എണ്ണം നൂറിലധികമായിരുന്നു. ചില പ്രദേശങ്ങളിൽ നാല് ദിവസത്തിനിടെ മൂന്ന് ആക്രമണങ്ങൾ വരെ നടന്ന സംഭവങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

നിയമഭേദഗതിയെ കാനഡയിലെ ഫയർഫൈറ്റർ, പാരാമെഡിക്, പൊലീസ് സംഘടനകൾ എന്നിവർ സ്വാഗതം ചെയ്തു. എന്നാൽ, ജോലിക്കിടെ പരുക്കുകളും കടുത്ത മാനസിക സമ്മർദ്ദവും നേരിടുന്ന ജീവനക്കാർക്കായി ദീർഘകാല മാനസികാരോഗ്യ പിന്തുണയും പുനരധിവാസ സംവിധാനങ്ങളും കൂടുതൽ ശക്തിപ്പെടുത്തണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.

അടിയന്തര സേവന പ്രവർത്തകരുടെ സുരക്ഷയ്ക്കൊപ്പം പൊതുഗതാഗത തൊഴിലാളികൾക്കെതിരായ ആക്രമണങ്ങൾ, സംഘടിത മോഷണങ്ങൾ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കും പുതിയ നിയമപ്രകാരം കൂടുതൽ കർശനമായ ശിക്ഷ ഉറപ്പാക്കുമെന്ന് ഫെഡറൽ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!