വെല്ലിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ന്യൂസിലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഇന്ത്യ-ന്യൂസിലൻഡ് നിർദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാറിനെ സ്വാഗതം ചെയ്ത് ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ. കരാർ പ്രാബല്യത്തിൽ വന്നാൽ ഇന്ത്യയിലേക്കുള്ള ന്യൂസിലൻഡിന്റെ കയറ്റുമതിയുടെ 57 ശതമാനവും ആദ്യ ദിവസം മുതൽ തന്നെ നികുതിരഹിതമാകുമെന്ന് അദ്ദേഹം അറിയിച്ചു.
ഈ കരാർ ന്യൂസിലൻഡ് ബിസിനസുകൾക്ക് ഇന്ത്യൻ വിപണിയിലേക്കുള്ള പ്രവേശനം കൂടുതൽ എളുപ്പമാക്കുകയും വ്യാപാര രംഗത്ത് പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും ലക്സൺ എക്സിലൂടെ വ്യക്തമാക്കി.പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സന്റെ ക്ഷണപ്രകാരമാണ് നരേന്ദ്ര മോദി ജൂലൈ 10, 11 തീയതികളിൽ ന്യൂസിലൻഡ് സന്ദർശിക്കുന്നത്. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഔദ്യോഗിക ന്യൂസിലൻഡ് സന്ദർശനമെന്ന പ്രത്യേകതയും ഈ സന്ദർശനത്തിനുണ്ട്.

ഓക്ലൻഡിൽ നടക്കുന്ന ഉഭയകക്ഷി ചർച്ചകളിൽ വ്യാപാരം, വാണിജ്യം, നിക്ഷേപം, പ്രതിരോധം, സാങ്കേതികവിദ്യ, നിർണായക ധാതുക്കൾ തുടങ്ങിയ മേഖലകളിലെ സഹകരണം ഇരുരാജ്യങ്ങളും വിലയിരുത്തും. ഇന്തോനേഷ്യയിലും ഓസ്ട്രേലിയയിലുമുള്ള സന്ദർശനങ്ങൾക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ മൂന്ന് രാജ്യങ്ങളിലേക്കുള്ള പര്യടനത്തിന്റെ അവസാനഘട്ടമായി ന്യൂസിലൻഡ് സന്ദർശനം നടക്കുന്നത്. പ്രമുഖ ബിസിനസ് നേതാക്കളുമായും കായിക താരങ്ങളുമായും ഇന്ത്യൻ പ്രവാസി സമൂഹവുമായും പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തും.
ഇന്ത്യയുടെ ‘ആക്റ്റ് ഈസ്റ്റ്’ നയം ശക്തിപ്പെടുത്തുന്നതിനും സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് മേഖലയെന്ന ലക്ഷ്യത്തിന് പിന്തുണ നൽകുന്നതിനും ഈ സന്ദർശനം നിർണായകമാണെന്നാണ് വിലയിരുത്തൽ. സമീപകാലത്ത് പ്രതിരോധം, വ്യാപാരം, വാണിജ്യം തുടങ്ങിയ മേഖലകളിൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമായിട്ടുണ്ട്.
