Friday, July 10, 2026

വന്‍കൂവറില്‍ കപ്പലുകള്‍ക്കായി കായല്‍ ആഴം കൂട്ടുന്നതിനെതിരെ ഫസ്റ്റ് നേഷന്‍ രംഗത്ത്

വന്‍കൂവര്‍: വന്‍കൂവര്‍ ഫ്രേസര്‍ പോര്‍ട്ട് അതോറിറ്റിക്കെതിരെ നിയമപോരാട്ടവുമായി ഫസ്റ്റ് നേഷന്‍ സ്ലെയ്ല്‍-വാതുത്ത് (Tsleil-Waututh) രംഗത്ത്. വലിയ എണ്ണക്കപ്പലുകള്‍ക്ക് കൂടുതല്‍ ഭാരവുമായി കടന്നുപോകാന്‍ പാകത്തില്‍ ബുറാര്‍ഡ് ഇന്‍ലെറ്റില്‍ ആഴം കൂട്ടുന്നതിനെതിരെയാണ് ഇവര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. പോര്‍ട്ട് അതോറിറ്റി നല്‍കിയ അനുമതിപ്പത്രങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജുഡീഷ്യല്‍ റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്തു. ഈ വരുന്ന സെപ്റ്റംബറോടെ വന്‍കൂവറിലെ സെക്കന്‍ഡ് നാരോസ് പാലത്തിന് താഴെയുള്ള നാവിഗേഷന്‍ ചാനലിന്റെ വശങ്ങള്‍ ആഴം കൂട്ടാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

തങ്ങളുടെ ആശങ്കകള്‍ പൂര്‍ണ്ണമായി അവഗണിക്കപ്പെട്ടെന്നും സ്ലെയ്ല്‍-വാതുത്ത് വിഭാഗം പറയുന്നു. കൂടുതല്‍ ഇന്ധനം നിറച്ച എണ്ണക്കപ്പലുകള്‍ ഈ മേഖലയിലൂടെ കടന്നുപോകുന്നത് വലിയ അപകടസാധ്യത ഉയര്‍ത്തുന്നുണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. നിലവിലെ കപ്പല്‍ ഗതാഗതം കാരണം തങ്ങളുടെ പരമ്പരാഗത ജീവിതരീതി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ആഴം കൂട്ടല്‍ പ്രക്രിയ കൂടി വരുന്നതോടെ എണ്ണച്ചോര്‍ച്ച, തീരശോഷണം എന്നിവ വര്‍ധിക്കുമെന്നും ഇവര്‍ ഭയപ്പെടുന്നു. തങ്ങളുടെ ഭൂമിയും ജലാശയങ്ങളും സംരക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണെന്നും, ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും അധികൃതര്‍ അവഗണിച്ചതിനാലാണ് കോടതിയെ സമീപിക്കേണ്ടി വന്നതെന്നും ചീഫ് ജസ്റ്റിന്‍ ജോര്‍ജ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ട്രാന്‍സ് മൗണ്ടന്‍ പൈപ്പ്ലൈനില്‍ (Trans Mountain Pipeline) നിന്ന് എണ്ണ ശേഖരിക്കുന്ന വലിയ ‘അഫ്രാമാക്‌സ്-ക്ലാസ്’ (Aframax-class) കപ്പലുകള്‍ക്ക് കൂടുതല്‍ ഇന്ധനം നിറച്ച് സര്‍വീസ് നടത്താന്‍ ഈ ആഴം കൂട്ടല്‍ സഹായിക്കുമെന്നാണ് പോര്‍ട്ട് അതോറിറ്റിയുടെ വാദം. നിലവില്‍ ആഴക്കുറവ് കാരണം ഇത്തരം കപ്പലുകള്‍ക്ക് അവയുടെ ശേഷിയുടെ 80 ശതമാനം മാത്രമേ നിറയ്ക്കാന്‍ സാധിക്കുന്നുള്ളൂ. സമുദ്രത്തിനടിത്തട്ടില്‍ നിന്ന് ഏകദേശം 25,000 ക്യൂബിക് മീറ്റര്‍ മണ്ണും മണലും നീക്കം ചെയ്യാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

2025-ല്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയാണ് ഈ ആശയം മുന്നോട്ട് വെച്ചത്. കപ്പലുകളുടെ എണ്ണത്തിലോ വലുപ്പത്തിലോ മാറ്റമുണ്ടാകില്ലെന്നും, നിലവിലുള്ള കപ്പലുകള്‍ക്ക് കൂടുതല്‍ ഭാരം വഹിക്കാന്‍ മാത്രമേ ഇത് ഉപകരിക്കൂ എന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!