ടൊറന്റോ: കാനഡയിലെ ഏറ്റവും വലിയ വിമാനത്താവളമായ ടൊറന്റോ പിയേഴ്സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യാജ വിവരങ്ങള്‍ നല്കുന്ന ‘എഐ നിര്‍മ്മിത ലേഖനങ്ങളുടേയും’ (AI-generated articles) വെബ്സൈറ്റുകളുടേയും കടന്നുകയറ്റത്തിനെതിരെ മുന്നറിയിപ്പുമായി അധികൃതര്‍.
ഇന്റര്‍നെറ്റിലെ വ്യൂസ് കൂട്ടാന്‍ മാത്രം ലക്ഷ്യമിട്ടുള്ള ചില ‘ക്ലിക്ക്ബെയ്റ്റ്’ സൈറ്റുകളാണ് ഇതിന് പിന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വിമാനങ്ങള്‍ സമയത്തിന് സര്‍വീസ് നടത്തുന്നത്, വൈകുന്നത്, റദ്ദാക്കുന്നത് എന്നിവയെക്കുറിച്ചെല്ലാം തെറ്റായ വിവരങ്ങളാണ് ഈ സൈറ്റുകള്‍ ബോട്ടുകള്‍ ഉപയോഗിച്ച് നല്ക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

‘ഇത്തരം പല സൈറ്റുകളിലും മനുഷ്യര്‍ക്ക് പകരം കമ്പ്യൂട്ടര്‍ ബോട്ടുകളാണ് ലേഖനങ്ങള്‍ എഴുതുന്നത്. യാതൊരുവിധ പരിശോധനയും നടത്താതെ, തെറ്റായ കണക്കുകള്‍ വെച്ച് ഒരു ദിവസം നൂറിലധികം ലേഖനങ്ങള്‍ വരെ ഇത്തരത്തില്‍ ഇവര്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. വിമാനത്താവളത്തിന്റെ സര്‍വീസുകള്‍ പാടേ തകിടം മറിഞ്ഞു എന്ന രീതിയിലാണ് ഈ ലേഖനകള്,’ അധികൃതര്‍ വ്യക്തമാക്കി.
വ്യാജവും സ്ഥിരീകരിക്കാത്തതുമായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതായി വിമാനത്താവള അധികൃതര്‍ കണ്ടെത്തിയ ചില എഐ വെബ്സൈറ്റുകള്‍ ഇവയാണ്:
TheTraveler.org
Toronto Digest
Travel and Tour World
NomadLawyer
Travel Tourister
വിമാനങ്ങള്‍ വൈകുന്നതിനെക്കുറിച്ചോ റദ്ദാക്കുന്നതിനെക്കുറിച്ചോ ഉള്ള കൃത്യമായ വിവരങ്ങള്‍ക്ക് യാത്രക്കാര്‍ തങ്ങളുടെ എയര്‍ലൈന്‍ കമ്പനികളെ നേരിട്ട് ആശ്രയിക്കണമെന്ന് വിമാനത്താവള വക്താവ് ഓര്‍മ്മിപ്പിച്ചു. കൂടാതെ, ടൊറന്റോ പിയേഴ്സണിന്റെ ഔദ്യോഗിക വെബ്സൈറ്റായ TorontoPearson.com വഴി ഓരോ ദിവസത്തെയും സര്‍വീസുകളുടെ തത്സമയ വിവരങ്ങള്‍ ലഭ്യമാണെന്നും അധികൃതര്‍ അറിയിച്ചു.
