ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് മുന്നറിയിപ്പുമായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC). അമേരിക്കയ്ക്കും ഇസ്രയേലിനും മറക്കാനാകാത്ത തിരിച്ചടി നൽകുമെന്ന് ഐആർജിസി ബ്രിഗേഡിയർ ജനറൽ അഹമ്മദ് വഹീദി വ്യക്തമാക്കി.ഖമനേയിയുടെ സംസ്കാര ചടങ്ങുകൾക്ക് പിന്നാലെയാണ് ഐആർജിസിയുടെ പ്രതികരണം പുറത്തുവന്നത്. ഫെബ്രുവരി 28-ന് നടന്ന യുഎസ്-ഇസ്രയേൽ വ്യോമാക്രമണത്തിലാണ് ഖമനേയി കൊല്ലപ്പെട്ടതെന്ന് ഇറാൻ ആരോപിക്കുന്നു.
ശത്രുക്കൾക്ക് ഇറാന്റെ മറുപടി ഒരിക്കലും ഓർമയിൽ നിന്ന് മായാത്ത തരത്തിലായിരിക്കുമെന്ന് അഹമ്മദ് വഹീദി പറഞ്ഞു. നീതി നടപ്പാക്കണമെന്നും കുറ്റവാളികൾക്ക്, പ്രത്യേകിച്ച് കുട്ടികളെ കൊല്ലുന്നുവെന്ന് ആരോപിക്കുന്ന അമേരിക്കൻ സൈന്യത്തിന് അർഹമായ മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.രക്തസാക്ഷികൾക്കായി പ്രതികാരം ചെയ്യുന്നതും കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതും ഇറാന്റെ നിർബന്ധിതവും നിയമപരവുമായ ആവശ്യമായി തുടരുമെന്നും വഹീദി കൂട്ടിച്ചേർത്തു.
അമേരിക്കൻ നേതാക്കളെയും ഇസ്ലാമിക വിപ്ലവത്തിന്റെയും പ്രതിരോധ മുന്നണിയുടെയും എതിരാളികളെയും ലക്ഷ്യമിട്ട് നടത്തിയ പ്രതികരണത്തിൽ, ഖമനേയിയെ ഇല്ലാതാക്കിയതിലൂടെ പ്രതിരോധ പ്രസ്ഥാനത്തെ ദുർബലപ്പെടുത്താൻ കഴിയില്ലെന്നും ഐആർജിസി വ്യക്തമാക്കി.

അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ലക്ഷ്യമിട്ട് ഇറാൻ പദ്ധതി തയ്യാറാക്കുന്നതായി ഇസ്രയേൽ മുന്നറിയിപ്പ് നൽകിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. രഹസ്യാന്വേഷണ വിവരങ്ങൾ ഇസ്രയേൽ അമേരിക്കയുമായി പങ്കുവെച്ചതായി വാൾ സ്ട്രീറ്റ് ജേണലും സിഎൻഎന്നും റിപ്പോർട്ട് ചെയ്തിരുന്നു.
ഇറാൻ തന്നെ ലക്ഷ്യമിടുന്നുവെന്നും താനാണ് അവരുടെ പ്രധാന ലക്ഷ്യമെന്നും ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു. ഖമനേയിയുടെ സംസ്കാര ചടങ്ങിനിടെ ട്രംപിനെതിരെ മുദ്രാവാക്യങ്ങളും ബാനറുകളും ഉയർന്നിരുന്നു. യുഎസും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഐആർജിസിയുടെ പുതിയ മുന്നറിയിപ്പ്.
