ഹാലിഫാക്സ്: കാനഡയുടെ പുതിയ അന്തർവാഹിനി പദ്ധതിയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും വിദഗ്ധ തൊഴിലാളികളേയും ഒരുക്കാൻ നോവസ്കോഷ പ്രവിശ്യ സജ്ജമാണെന്ന് പ്രീമിയർ ടിം ഹ്യൂസ്റ്റൺ. ഹാലിഫാക്സിൽ നടന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഹ്യൂസ്റ്റൺ ഇക്കാര്യം വ്യക്തമാക്കിയത്. 24 ബില്യൺ ഡോളർ ചെലവിൽ 12 പുതിയ അന്തർവാഹിനികൾ നിർമ്മിക്കാനാണ് കാനഡയുടെ തീരുമാനം. വിദേശ രാജ്യങ്ങളുടെ മുന്നേറ്റം തടയാനും മഞ്ഞിനടിയിലും ആഴക്കടലിലും ദീർഘനേരം പ്രവർത്തിക്കാനും കഴിയുന്നവയാണ് പുതിയ അന്തർവാഹിനികൾ. ആർട്ടിക് ഉൾപ്പെടെയുള്ള സമുദ്രമേഖലകളിൽ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി, ജർമ്മൻ കമ്പനിയായ തൈസെൻക്രുപ്പ് മറൈൻ സിസ്റ്റംസിനെ (TKMS) ആണ് ഈ പദ്ധതിക്കായി കാനഡ തിരഞ്ഞെടുത്തത്.
അന്തർവാഹിനികളുടെ പരിപാലനവും പ്രവർത്തനവും ഉൾപ്പെടെയുള്ള ചെലവുകൾ പ്രതീക്ഷിച്ചതിലും കൂടുതലായിരിക്കുമെന്നാണ് വിലയിരുത്തൽ. പദ്ധതിയുടെ വിശദാംശങ്ങൾ അന്തിമമാക്കിയിട്ടില്ലെങ്കിലും, പുതിയ പദ്ധതിയിലൂടെ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹാലിഫാക്സിലെ നഗരവികസനം, ഭവനനിർമ്മാണം, ആരോഗ്യമേഖല, വിദഗ്ധ തൊഴിലാളികളുടെ ലഭ്യത എന്നിവ ഇതിനകം ഉറപ്പാക്കിയിട്ടുണ്ടെന്ന് നോവസ്കോഷ പ്രീമിയർ ടിം ഹ്യൂസ്റ്റൺ അറിയിച്ചു.

പദ്ധതിയിലൂടെ കാനഡയ്ക്ക് 8600 കോടി ഡോളറിന്റെ സാമ്പത്തിക നേട്ടം ഉണ്ടാകുമെന്നാണ് നിർമാണ കമ്പനി അവകാശപ്പെടുന്നത്.
എന്നാൽ, പുതിയ പ്രതിരോധ പദ്ധതികൾ ഹാലിഫാക്സിന് അവസരമാണെങ്കിലും നിലവിലെ അടിസ്ഥാന സൗകര്യങ്ങൾ ഇതിനകം തന്നെ വലിയ സമ്മർദ്ദത്തിലാണെന്ന് എൻഡിപി നേതാവ് ക്ലോഡിയ ചെൻഡർ പറഞ്ഞു. നഗരത്തിലെ ഗതാഗതക്കുരുക്ക്, താമസ സൗകര്യങ്ങളുടെ കുറവ് തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
