Sunday, July 12, 2026

ചൈനയിൽ നാശം വിതറി ബാവി ചുഴലിക്കാറ്റ് ; 20 ലക്ഷം പേരെ ഒഴിപ്പിച്ചു

ഈ വർഷം ചൈനയെ ബാധിച്ച ഏറ്റവും ശക്തമായ ചുഴലിക്കാറ്റായ ബാവി കിഴക്കൻ തീരപ്രദേശങ്ങളിൽ വ്യാപക നാശം വിതച്ചു. ഞായറാഴ്ച രാവിലെ കരയിലേക്ക് കടന്നെത്തിയ ബാവി ഉഷ്ണമേഖലാ കൊടുങ്കാറ്റായി ദുർബലമായെങ്കിലും കിഴക്കൻ, വടക്കൻ ചൈനയിൽ ദീർഘനേരം നീളുന്ന വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി.

ബാവി എത്തുന്നതിന് മുമ്പ് ഏകദേശം 20 ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ചൈനയിലെ പ്രധാന സാമ്പത്തിക-സാങ്കേതിക കേന്ദ്രങ്ങളിലൊന്നായ ഷെജിയാങ് പ്രവിശ്യയിലാണ് ഏറ്റവുമധികം പേരെ ഒഴിപ്പിച്ചത്.

ശനിയാഴ്ച രാത്രി 11.20ഓടെ ഷെജിയാങ് തീരനഗരമായ യുഹുവാനിലാണ് ബാവി ആദ്യമായി കരതൊട്ടത്. തുടർന്ന് അർധരാത്രിയോടെ വെൻഷൗ നഗരത്തിലെ യുവെചിങിലും വീണ്ടും കരതൊട്ടു.

യുവെചിങിൽ 1,300-ലധികം മരങ്ങൾ നിലംപതിച്ചതായും അവയിൽ 700-ലധികം മരങ്ങൾ കടപുഴകിയതായും സർക്കാർ മാധ്യമമായ സിസിടിവി റിപ്പോർട്ട് ചെയ്തു. ചിലയിടങ്ങളിൽ വെള്ളക്കെട്ട് വാഹന ടയറിന്റെ പകുതിയോളം ഉയരത്തിലെത്തി.

നഗരത്തിന്റെ വടക്കൻ മലനിരകളിൽ മണ്ണിടിച്ചിലുണ്ടായി. വലിയ പാറക്കല്ലുകൾ മലമ്പാതയിലേക്ക് പതിക്കുകയും സമീപത്തെ മരങ്ങൾ നദിയിലെ കുത്തൊഴുക്കിൽ മുങ്ങുകയും ചെയ്ത ദൃശ്യങ്ങൾ സിസിടിവി സംപ്രേഷണം ചെയ്തു. ഞായറാഴ്ച രക്ഷാപ്രവർത്തകർ എക്‌സ്‌കവേറ്ററുകളും ചെയിൻസോകളും ഉപയോഗിച്ച് റോഡുകളിൽ വീണുകിടന്ന മരങ്ങൾ നീക്കം ചെയ്തു.

ചൈനയിലെത്തുന്നതിന് മുമ്പ് ബാവി തായ്‌വാന്റെ വടക്കുഭാഗം കടന്നുപോയിരുന്നു. ശക്തമായ കാറ്റും കനത്ത മഴയും ദ്വീപിന്റെ വിവിധ ഭാഗങ്ങളെ ബാധിച്ചു. വടക്കൻ മിയോളി കൗണ്ടിയിലെ ഒരു പ്രദേശത്ത് ഏകദേശം 80 സെന്റിമീറ്റർ മഴ രേഖപ്പെടുത്തി.

തായ്‌വാനിൽ 134 പേർക്ക് പരിക്കേറ്റതായി അഗ്നിശമന വിഭാഗം അറിയിച്ചു. പ്രധാനമായും ഇരുചക്രവാഹനങ്ങളിൽ നിന്ന് വീണും വഴുതി വീണും വസ്തുക്കൾ ദേഹത്ത് പതിച്ചുമാണ് പരിക്കേറ്റത്. മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഞായറാഴ്ച 137 അന്താരാഷ്ട്ര വിമാനങ്ങളും 62 ആഭ്യന്തര വിമാനങ്ങളും റദ്ദാക്കിയതായി ഗതാഗത മന്ത്രാലയം അറിയിച്ചു

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!