ടെഹ്‌റാന്‍: ഇറാനില്‍ ആക്രമണം ശക്തമാക്കി അമേരിക്കന്‍ സൈന്യം. ഇറാന്റെ മിസൈല്‍ സംവിധാനങ്ങള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, ഹോര്‍മുസ് കടലിടുക്കിലെ സ്പീഡ് ബോട്ടുകള്‍ എന്നിവ ലക്ഷ്യമിട്ടാണ് അമേരിക്കന്‍ വ്യോമാക്രമണം ഉണ്ടായത്. ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളായ ബന്ദര്‍ അബ്ബാസ്, ഖഷാം, ഹജിയാബാദ് എന്നിവിടങ്ങളില്‍ ശക്തമായ സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 140 കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് അമേരിക്കന്‍ പ്രതിരോധ കേന്ദ്രങ്ങള്‍ വ്യക്തമാക്കി. ആക്രമണത്തില്‍ ഹോര്‍മോസ്ഗന്‍ പ്രവിശ്യയില്‍ ഒരു ടെലികോം ജീവനക്കാരന്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര കപ്പല്‍ ഗതാഗത പാതയായ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ കൈകളിലല്ലെന്നും, അത് ഒരു അന്താരാഷ്ട്ര ജലപാതയായിത്തന്നെ തുടരുമെന്നും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. അതേസമയം, കുവൈത്തില്‍ ഇറാന്റെ ആക്രമണത്തില്‍ മൂന്ന് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് അമേരിക്കന്‍ സൈന്യം വ്യക്തമാക്കി. ആക്രമണത്തില്‍ ആര്‍ക്കും ജീവാപായം സംഭവിച്ചിട്ടില്ലെന്നും യു.എസ് വ്യക്തത വരുത്തി.

നേരത്തെ, തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും അടച്ചതായി ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) പ്രഖ്യാപിച്ചിരുന്നു. ഇറാന്റെ അനുമതിയില്ലാത്ത ഒരു പാതയിലൂടെയും അന്താരാഷ്ട്ര കപ്പലുകള്‍ കടന്നുപോകാന്‍ ശ്രമിക്കരുതെന്ന് ഐആര്‍ജിസി മുന്നറിയിപ്പും നല്‍കിയിരുന്നു. മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഉള്‍പ്പെടെ കൊല്ലപ്പെട്ട ഉന്നത നേതാക്കളുടെ രക്തത്തിന് ആഗോളതലത്തില്‍ പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മേഖലയില്‍ സംഘര്‍ഷം അതിരൂക്ഷമായത്.
വധിക്കപ്പെട്ട നേതാക്കളുടെ കൊലയാളികളായ ഉന്നത ഉദ്യോഗസ്ഥരുടെ കൃത്യമായ പട്ടിക തയ്യാറാണെന്നും ലോകമെമ്പാടുമുള്ള ഇറാന്‍ അനുകൂല ഗ്രൂപ്പുകള്‍ ഈ പ്രതികാര ദൗത്യം ഏറ്റെടുക്കുമെന്നും ഇറാന്റെ പുതിയ നേതൃത്വം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഇറാന്റെ സൈനിക ശേഷിയെ തളര്‍ത്തുക എന്ന ലക്ഷ്യത്തോടെ അമേരിക്ക വ്യാപകമായ ആക്രമണം അഴിച്ചുവിട്ടത്.
