Monday, July 13, 2026

യുഎസ്-ഇറാന്‍ സംഘര്‍ഷം: ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില വര്‍ധിച്ചു

ഹോങ്കോങ്: ഒരിടവേളയ്ക്ക് ശേഷം യു.എസ്-ഇറാന്‍ സംഘര്‍ഷം വീണ്ടും കനത്തതോടെ രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ വന്‍ വര്‍ധനവ്. എണ്ണവില നാല് ശതമാനത്തിലധികമാണ് ഒറ്റയടിക്ക് ഉയര്‍ന്നത്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് വില ബാരലിന് 3.10 ഡോളര്‍ (4.08%) വര്‍ധിച്ച് 79.11 ഡോളറിലെത്തി. യു.എസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് വില 2.95 ഡോളര്‍ (4.11%) ഉയര്‍ന്ന് ബാരലിന് 74.36 ഡോളറായും രേഖപ്പെടുത്തി. മിഡില്‍ ഈസ്റ്റ് മേഖലയില്‍ യുഎസും ഇറാനും പുതിയ സൈനിക ആക്രമണങ്ങള്‍ പ്രഖ്യാപിച്ചതാണ് ആഗോള വിപണിയില്‍ പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമായത്.

തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് തുറന്നുപ്രവര്‍ത്തിപ്പിക്കുന്നതിനായി ഇരുപക്ഷവും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് മേഖലയില്‍ വീണ്ടും വെടിവെയ്പ്പ് ഉണ്ടായത്. ഞായറാഴ്ച ഇറാനെതിരെ വീണ്ടും ശക്തമായ വ്യോമാക്രമണം നടത്തിയതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഇതിന് പിന്നാലെ ഞായറാഴ്ച പുലര്‍ച്ചെ ഹോര്‍മുസ് കടലിടുക്കിലൂടെ പോയ ഒരു വാണിജ്യ കപ്പലിന് നേരെയും ആക്രമണമുണ്ടായി. ആക്രമണത്തില്‍ കപ്പലിന് തീപിടിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ കപ്പല്‍ ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു.

മേഖലയിലെ അമേരിക്കന്‍ സൈനിക ഇടപെടലുകള്‍ പൂര്‍ണ്ണമായും അവസാനിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് (IRGC) അറിയിച്ചതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐ.ആര്‍.എന്‍.എ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഇറാന്റെ അവകാശവാദങ്ങള്‍ തള്ളിയ യു.എസ് മിലിട്ടറിയുടെ സെന്റകോം, കടലിടുക്ക് എല്ലാ നിയമപരമായ കപ്പല്‍ ഗതാഗതത്തിനുമായി തുറന്നുതന്നെ കിടക്കുകയാണെന്ന് എക്‌സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി.

അതേസമയം, ഞായറാഴ്ച ഇറാന്‍ ലക്ഷ്യമാക്കി യു.എസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി തങ്ങള്‍ ശക്തമായ പ്രത്യാക്രമണം നടത്തിയെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് തിങ്കളാഴ്ച അറിയിച്ചു. കുവൈത്തിലെയും ബഹ്റൈനിലെയും യു.എസ് സൈനിക താവളങ്ങള്‍ക്ക് നേരെയാണ് തങ്ങള്‍ പ്രത്യേക ആക്രമണം നടത്തിയതെന്നാണ് ഇറാന്റെ പ്രഖ്യാപനം. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക നീക്കങ്ങള്‍ ശക്തമായതോടെ വരും ദിവസങ്ങളിലും ക്രൂഡ് ഓയില്‍ വില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തല്‍.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!