റിയാദ്: ആഗോള വ്യോമയാന രംഗത്തെ പ്രവര്‍ത്തന മികവിന്റെ സൂചികയില്‍ ചരിത്ര നേട്ടം സ്വന്തമാക്കി സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് (സൗദിയ). വിമാന സര്‍വീസുകള്‍ കൃത്യസമയം പാലിക്കുന്നതില്‍ ലോകത്തിലെ ഏറ്റവും മികച്ച വിമാനക്കമ്പനിയായി സൗദിയ തിരഞ്ഞെടുക്കപ്പെട്ടു. വ്യോമയാന മേഖലയിലെ പ്രകടനങ്ങള്‍ നിരീക്ഷിക്കുന്ന ആഗോള ഏജന്‍സിയായ സിറിയം (Cirium) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. ഇതേ വിഭാഗത്തില്‍ മിഡില്‍ ഈസ്റ്റ്, ആഫ്രിക്കന്‍ മേഖലകളില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി സൗദി ഗ്രൂപ്പിന് കീഴിലുള്ള ബജറ്റ് എയര്‍ലൈനായ ഫ്ലൈ അദീലും മികച്ച നേട്ടം കൈവരിച്ചു.
ഹജ്ജ് തീര്‍ഥാടകരുടെ മടക്കയാത്രയും വേനലവധിക്കാലത്തെ യാത്രക്കാരുടെ വന്‍ തിരക്കും കാരണം വ്യോമയാന മേഖല കനത്ത വെല്ലുവിളി നേരിട്ട ജൂണ്‍ മാസത്തിലാണ് സൗദി ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചത്. കഴിഞ്ഞ മാസം മാത്രം 13,350 സര്‍വീസുകള്‍ നടത്തിയ സൗദിയ 92.38 ശതമാനം വിമാനങ്ങളും കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും, 93.02 ശതമാനം സര്‍വീസുകള്‍ കൃത്യസമയത്ത് പുറപ്പെടുകയും ചെയ്തു. ഇതേ കാലയളവില്‍ 5,150 സര്‍വീസുകള്‍ നടത്തിയ ഫ്ലൈ അദീല്‍ 95.42 ശതമാനം കൃത്യതയോടെയാണ് സര്‍വീസുകള്‍ പൂര്‍ത്തിയാക്കിയത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള അത്യാധുനിക ഡിജിറ്റല്‍ സംവിധാനങ്ങളാണ് ഈ മികച്ച വിജയത്തിന് പിന്നിലെന്ന് സൗദിയ ഗ്രൂപ്പ് വ്യക്തമാക്കി. വിമാനങ്ങളുടെ കൃത്യമായ പ്ലാനിങ്, സമയബന്ധിതമായ തീരുമാനങ്ങള്‍, പ്രവര്‍ത്തനങ്ങളിലെ കണിശത എന്നിവ ഉറപ്പാക്കാന്‍ പുതിയ സാങ്കേതികവിദ്യ വഴി സാധിച്ചിട്ടുണ്ട്. ഹജ്ജ് ഉള്‍പ്പെടെയുള്ള വിവിധ സീസണുകള്‍ ഒരുമിച്ചുവന്ന കനത്ത വെല്ലുവിളികള്‍ക്കിടയിലും ജീവനക്കാര്‍ നടത്തിയ അസാധാരണമായ ഇടപെടലുകളാണ് ഈ അന്താരാഷ്ട്ര പുരസ്കാരത്തിന് അര്‍ഹമാക്കിയതെന്ന് സൗദി ഗ്രൂപ്പ് ഡയറക്ടര്‍ ജനറല്‍ ഇബ്രാഹിം ബിന്‍ അബ്ദുല്റഹ്മാന് അല്‍ ഒമര്‍ പറഞ്ഞു.
