ടെഹ്റാന്: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘര്‍ഷം വന്‍ യുദ്ധഭീതിയായി അവശേഷിക്കെ, ടെഹ്റാനിലെ പ്രധാന ചത്വരമായ എന്‍ഗെലാബ് സ്ക്വയറില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ശവപ്പെട്ടിയില്‍ കിടത്തിയിരിക്കുന്ന രീതിയിലുള്ള ഭീമാകാരമായ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. കണ്ണുകളും വായയും അടച്ച്, ചുവന്ന ടൈക്ക് മുകളില്‍ കൈകള്‍ പിണച്ചുവെച്ച് കറുത്ത പെട്ടിക്കുള്ളില്‍ കിടക്കുന്ന ട്രംപിനെയാണ് ബോര്‍ഡില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇറാന്റെ അന്തരിച്ച പരമോന്നത നേതാവ് അലി ഖൊമേനിയുടെ ശവസംസ്കാര ചടങ്ങില്‍ ഉപയോഗിച്ച കറുത്ത കോണ്‍ക്രീറ്റ് ഫലകങ്ങള്‍ ശവപ്പെട്ടിയുടെ ആകൃതിയില്‍ ക്രമീകരിച്ചാണ് ഇത് ഒരുക്കിയിരിക്കുന്നത്. ഡോണള്‍ഡ് ട്രംപിനെ വധിക്കുമെന്ന ഭീഷണി സന്ദേശം ഇംഗ്ലീഷിലും പേര്‍ഷ്യനിലും ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 28-ന് യുഎസും ഇസ്രയേലും നടത്തിയ ആക്രമണത്തില്‍ പ്രൈമറി സ്കൂളിന് നേരെ ബോംബാക്രമണം ഉണ്ടായ തെക്കന്‍ ഇറാനിയന്‍ നഗരമായ മിനാബിനെ പരാമര്‍ശിച്ചുകൊണ്ട്, ‘മിനാബിലെ കുട്ടികളുടെ സ്മരണാര്‍ത്ഥം’ എന്നും ഈ ഹോര്‍ഡിങ്ങില്‍ എഴുതിയിട്ടുണ്ട്.
ഹോര്‍മുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകളെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിക്കുന്ന സൈനിക ആസ്തികളെ ലക്ഷ്യമിട്ട് ബുധനാഴ്ച യുഎസ് ഇറാനില്‍ പുതിയ ആക്രമണങ്ങള്‍ നടത്തിയിരുന്നു. തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെ സഞ്ചരിക്കുന്ന കപ്പലുകളെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഇറാനിയന്‍ സൈനികശേഷി തകര്‍ക്കുക എന്നതായിരുന്നു യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (Centcom) നടത്തിയ ആക്രമണങ്ങളുടെ ലക്ഷ്യം. എന്നാല്‍ യുഎസിന്റെ ആക്രമണങ്ങള്‍ ആശുപത്രികള്‍ക്കും ഫാക്ടറികള്‍ക്കും സമീപം കനത്ത ആഘാതം സൃഷ്ടിച്ചതായാണ് ഇറാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വടക്കന്‍ മേഖലയിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ പുതിയ ആക്രമണങ്ങള്‍ നടത്തുകയും നാവിക ഉപരോധം ലംഘിക്കാന്‍ ശ്രമിച്ചതായി ആരോപിക്കപ്പെടുന്ന ഒരു കപ്പലിനെ ലക്ഷ്യമിട്ടതായും യുഎസ് വ്യക്തമാക്കുമ്പോള്‍, തങ്ങളുടെ പൗരന്മാരുടെ മരണത്തിന് കടുത്ത പ്രതികാരം ചെയ്യുമെന്ന ഉറച്ച നിലപാടിലാണ് ഇറാന് ഭരണകൂടം.

അതേസമയം, ഡോണള്‍ഡ് ട്രംപിനെ വധിക്കാനുള്ള ഇറാന്റെ പുതിയ പദ്ധതിയെക്കുറിച്ച് ഇസ്രയേല്‍ രഹസ്യാന്വേഷണ വിഭാഗം നല്കിയ കടുത്ത മുന്നറിയിപ്പ് വാള് സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ട്രംപിനെതിരെയുള്ള ഭീഷണികളെക്കുറിച്ച് കഴിഞ്ഞ ആഴ്ചകളില്‍ യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് തുടര്‍ച്ചയായ വിവരങ്ങള്‍ ലഭിച്ചിരുന്നതായി സിഎന്‍എന്നും സ്ഥിരീകരിച്ചു. ഈ മുന്നറിയിപ്പുകള്‍ക്ക് പിന്നാലെ ഇറാന് നേരെ കടുത്ത തിരിച്ചടി പ്രഖ്യാപിച്ച് ട്രംപ് രംഗത്തെത്തി. തന്നെ വധിക്കാന്‍ ശ്രമിച്ചാല്‍ ഇറാന് നേരെ പ്രയോഗിക്കാന്‍ ആയിരത്തിലധികം മിസൈലുകള്‍ ലോക്ക് ചെയ്ത് ലോഡ് ചെയ്തിരിക്കുകയാണെന്നും, തനിക്കുനേരെ വധശ്രമം ഉണ്ടായാല്‍ ഇറാനെതിരെ ഉടനടി തിരിച്ചടി നല്കാന് സൈന്യത്തിന് ഇതിനകം ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും യുഎസ് പ്രസിഡന്റ് അവകാശപ്പെട്ടു.
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് അമേരിക്കയും ഇറാനും ധാരണാപത്രത്തില്‍ ഒപ്പിട്ട് ഏകദേശം ഒരു മാസത്തിന് ശേഷമാണ് ഇരുരാജ്യങ്ങളെയും യുദ്ധത്തിന്റെ വക്കിലെത്തിച്ച ഈ പുതിയ സംഭവവികാസങ്ങള്‍. ഇറാന് ചര്‍ച്ചകളിലേക്ക് തിരിച്ചുവന്നില്ലെങ്കില്‍ യുഎസ് സൈനിക നടപടി കൂടുതല്‍ വിപുലീകരിച്ചേക്കുമെന്നും പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ ഔദ്യോഗികമായി ഇതുവരെ റദ്ദാക്കിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
