ഒന്റാരിയോ: വടക്കന്‍ ഒന്റാരിയോയില്‍ കാട്ടുതീ നിയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തില്‍ വ്യോമമാര്‍ഗം ജനങ്ങളെ ഒഴിപ്പിക്കാന്‍ സൈനിക സഹായം തേടി ഒന്റാരിയോ. പ്രവിശ്യയുടെ വടക്കന്‍ മേഖലയിലെ പതിനഞ്ചോളം കമ്മ്യൂണിറ്റികളില്‍ നിന്നും ഇതിനകം ജനങ്ങളെ ഒഴിപ്പിച്ചതായി ഒന്റാരിയോ എമര്‍ജന്‍സി മന്ത്രി ജില്‍ ഡണ്‍ലപ് (Jill Dunlop) ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് മന്ത്രി എലീനര്‍ ഓള്‍ഷെവ്‌സ്‌കിക്ക് (Eleanor Olszewski) അയച്ച കത്തില്‍ വ്യക്തമാക്കി. നിലവിലെ സാഹചര്യം അതിവേഗം കൂടുതല്‍ വഷളാകാന്‍ സാധ്യതയുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
വടക്കന്‍ ഒന്റാരിയോയിലെ പല പ്രദേശങ്ങളും റോഡ് മാര്‍ഗ്ഗം ബന്ധപ്പെടാന്‍ കഴിയാത്തവയായതിനാല്‍ ഒരേസമയം പലയിടങ്ങളില്‍ നിന്നും വ്യോമമാര്‍ഗം ആളുകളെ മാറ്റേണ്ടി വരും. ഇതിനായി പ്രവിശ്യയുടെ പക്കല്‍ ആവശ്യത്തിന് വിമാനങ്ങളോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്തതിനാലാണ് ഫെഡറല്‍ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. അടിയന്തര സാഹചര്യം ഉണ്ടായാല്‍ 24 മണിക്കൂറിനകം വിമാനങ്ങളും ജീവനക്കാരെയും വിന്യസിക്കാന്‍ തയ്യാറായിരിക്കണമെന്ന് ഒന്റാരിയോ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വടക്കന്‍ ഒന്റാരിയോയിലുടനീളം നൂറ്റിഎണ്‍പതിലധികം കാട്ടുതീ അണയ്ക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ടെന്നും ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രവിശ്യ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും പ്രീമിയര്‍ ഡഗ് ഫോര്‍ഡ് അറിയിച്ചു.

വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്നുള്ള ശക്തമായ കാറ്റ് കാട്ടുതീയുടെ ആക്കം കൂട്ടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തണ്ടര്‍ ബേയ്ക്ക് വടക്കുള്ള കൊളിന്‍സ് ഫസ്റ്റ് നേഷന്‍ മേഖലയില്‍ അതിവേഗം പടര്‍ന്ന തീ ഇതിനകം തന്നെ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ത്തു കഴിഞ്ഞു. ആംസ്‌ട്രോങ്, ലാക് ലാ ക്രോയിക്‌സ്, വൈറ്റ്‌സാന്‍ഡ്, ഗള്‍ ബേ, ലാക് ഡെസ് മില്ലെ ലാക്‌സ് എന്നീ ഫസ്റ്റ് നേഷന്‍ കമ്മ്യൂണിറ്റികള്‍ക്ക് നിലവില്‍ ഒഴിപ്പിക്കല്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ആംസ്‌ട്രോങ് മേഖലയില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാനും കനത്ത പുക ഉയരാനും സാധ്യതയുണ്ടെന്ന് എന്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്‍കി. നിലവില്‍ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ 136 സജീവമായ കാട്ടുതീ ഉള്ളതില്‍ 63 എണ്ണവും, വടക്കുകിഴക്കന്‍ മേഖലയിലെ 44 തീപിടുത്തങ്ങളില്‍ 9 എണ്ണവും പൂര്‍ണ്ണമായും നിയന്ത്രണാതീതമാണെന്ന് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
