Friday, July 17, 2026

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം സർ ഗാരി സോബേഴ്സ് അന്തരിച്ചു

ലണ്ടൻ: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ സർ ഗാരി സോബേഴ്സ് അന്തരിച്ചു. 89 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ബാർബഡോസിലെ വസതിയിലായിരുന്നു മരണം. മകൻ ഡാനിയേൽ സോബേഴ്സാണ് മരണവിവരം സ്ഥിരീകരിച്ചത്.

1954-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സോബേഴ്സ്, വെസ്റ്റ് ഇൻഡീസിനായി 93 ടെസ്റ്റ് മത്സരങ്ങൾ കളിച്ചു. ഇടംകൈയ്യൻ ബാറ്ററായിരുന്ന അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിൽ 8,032 റൺസും 235 വിക്കറ്റുകളും നേടി. ബാറ്റിങ്, ബൗളിംഗ്, ഫീൽഡിങ് എന്നീ മൂന്ന് മേഖലകളിലും ഒരുപോലെ മികവ് തെളിയിച്ച താരമായാണ് അദ്ദേഹം വിലയിരുത്തപ്പെടുന്നത്.

1958-ൽ പാകിസ്ഥാനെതിരെ പുറത്താകാതെ നേടിയ 365 റൺസ് ദീർഘകാലം ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറായി തുടർന്നു. പിന്നീട് വെസ്റ്റ് ഇൻഡീസ് താരം ബ്രയാൻ ലാറയാണ് ആ റെക്കോർഡ് മറികടന്നത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരു ഓവറിലെ ആറ് പന്തുകളും സിക്സർ പറത്തിയ ആദ്യ താരമെന്ന റെക്കോർഡും സോബേഴ്സിന്റെ പേരിലാണ്. 1975-ൽ ക്രിക്കറ്റിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് ബ്രിട്ടീഷ് രാജ്ഞി അദ്ദേഹത്തിന് നൈറ്റ്ഹുഡ് നൽകി, തുടർന്ന് അദ്ദേഹം സർ ഗാരി സോബേഴ്സ് എന്ന പേരിലാണ് അറിയപ്പെട്ടത്.സോബേഴ്സിന്റെ നിര്യാണത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും വിവിധ രാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡുകളും മുൻനിര ക്രിക്കറ്റ് താരങ്ങളും അനുശോചനം രേഖപ്പെടുത്തി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!