ടൊറന്റോ: ഒന്റാരിയോ ടൂറിസം, കള്‍ച്ചര്‍ ആന്‍ഡ് ഗെയിമിങ് മന്ത്രി സ്റ്റാന്‍ ചോ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. ടൊറന്റോയില്‍ സ്വന്തമായി താമസസൗകര്യമുണ്ടായിട്ടും ഔദ്യോഗിക ആവശ്യത്തിനെന്ന പേരില്‍ 16,000 ഡോളര്‍ ഹോട്ടല്‍ താമസത്തിനായി കൈപ്പറ്റിയതിനെ തുടര്‍ന്നുണ്ടായ വിവാദങള്്ക്ക് പിന്നാലെയാണ് രാജി. തനിക്ക് സംഭവിച്ച തെറ്റിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ഉടനടി രാജിവെക്കുകയാണെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
ടൊറന്റോയില്‍ താമസിച്ച വകയില്‍ വാങ്ങിയ തുക മുഴുവന്‍ താന്‍ ഖജനാവിലേക്ക് തിരിച്ചടച്ചതായി സ്റ്റാന്‍ ചോ വ്യക്തമാക്കി. പ്രീമിയര്‍ ഡഗ് ഫോര്‍ഡിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തന്റെ ഭാഗത്തുനിന്നുണ്ടായ വിവാദം തടസ്സമാകരുതെന്ന് കരുതിയാണ് രാജിയെന്നും അദ്ദേഹം അറിയിച്ചു. രാജിവെച്ചെങ്കിലും നോര്‍ത്ത് ടൊറന്റോയിലെ വില്ലോഡെയ്ല് മണ്ഡലത്തില്‍ നിന്നുള്ള എംപിപിയായി അദ്ദേഹം തുടരും.

ടൊറന്റോയിലെ പാര്‍ലമെന്റ് മന്ദിരമായ ക്വീന്‍സ് പാര്ക്കിന് 50 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന ജനപ്രതിനിധികള്‍ക്ക് കടുത്ത മഞ്ഞുവീഴ്ച പോലെയുള്ള അടിയന്തര സാഹചര്യങ്ങളില്‍ ഹോട്ടല്‍ താമസം അനുവദിക്കുന്ന പ്രത്യേക ആനുകൂല്യം ഭരണകക്ഷിയിലെ പല പ്രമുഖരും ദുരുപയോഗം ചെയ്തതായി പൊതുരേഖകള്‍ വ്യക്തമാക്കുന്നു. ബ്രാംപ്ടണ്‍ ഈസ്റ്റില്‍ നിന്നുള്ള ഹര്‍ദീപ് ഗ്രെവാള്‍ 27,000 ഡോളറും, മിസ്സിസാഗ-സ്ട്രീറ്റ്സ്വില്‍ പ്രതിനിധി നിനാ ടാംഗ്രി 19,000 ഡോളറും, ബ്രാംപ്ടണ്‍ സെന്ററില്‍ നിന്നുള്ള ചാര്‍മൈന്‍ വില്യംസ് 15,000 ഡോളറും ഇത്തരത്തില്‍ ഹോട്ടല്‍ ബില്ലായി കൈപ്പറ്റിയിട്ടുണ്ട്.
സ്റ്റാന്‍ ചോയുടെ രാജി ശരിയായ തീരുമാനമാണെന്ന് ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് പ്രതികരിച്ചു. പൊതുപണം ഇത്തരത്തില്‍ ധൂര്‍ത്തടിക്കുന്നത് ഒരിക്കലും അംഗീകരിക്കില്ലെന്നും പണം കൈപ്പറ്റിയ ഓരോരുത്തരും അത് പൂര്‍ണ്ണമായും തിരിച്ചടയ്ക്കണമെന്നും അദ്ദേഹം സഭാംഗങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്കി. വിവാദമായ ഈ പ്രത്യേക ആനുകൂല്യം നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഭരണകക്ഷി അംഗങ്ങള്‍ നികുതിപ്പണം ആഡംബര ജീവിതത്തിനായി ദുരുപയോഗം ചെയ്യുകയാണെന്നും പണം കൈപ്പറ്റിയ മറ്റ് മന്ത്രിമാരും രാജിവെക്കണമെന്നും പ്രതിപക്ഷ പാര്‍ട്ടികളായ ലിബറലും എന്‍ഡിപിയും ഗ്രീന്‍ പാര്‍ട്ടിയും ശക്തമായി ആവശ്യപ്പെട്ടു.
