Saturday, July 18, 2026

കാട്ടുതീപുക പടരുന്നു: കാനഡയ്‌ക്കെതിരെ ട്രംപ്; നികുതി വര്‍ധിപ്പിക്കുമെന്ന് ഭീഷണി

വാഷിങ്ടണ്‍: കാനഡയിലെ കാട്ടുതീയെത്തുടര്‍ന്നുണ്ടാകുന്ന പുക അതിര്‍ത്തി കടന്ന് അമേരിക്കയിലേക്ക് എത്തുന്നതിനെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യം കനക്കുന്നു. പുകമലിനീകരണം മൂലം ഉണ്ടാക്കുന്ന വന്‍ സാമ്പത്തിക ബാധ്യത കാനഡയ്ക്കുളള നികുതിയില്‍ അധികമായി കൂട്ടിച്ചേര്‍ക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി. കാനഡ തങ്ങളുടെ വനങ്ങളും കാടുകളും ശരിയായ രീതിയില്‍ സംരക്ഷിക്കാത്തതാണ് ഇതിന് കാരണമെന്നും ട്രംപ് കുറ്റപ്പെടുത്തി.

തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യല്‍’ വഴിയാണ് ട്രംപ് കാനഡയ്ക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനമുന്നയിച്ചത്. കാനഡയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ബോധപൂര്‍വ്വമായ അനാസ്ഥയാണിത്. വൃത്തിഹീനവും മലിനവുമായ വായു അമേരിക്കയിലേക്ക് കടന്നുകയറുന്നത് പൂര്‍ണ്ണമായും അസ്വീകാര്യമാണ്. വര്‍ഷാവര്‍ഷം ആവര്‍ത്തിക്കുന്ന ഈ പ്രതിഭാസം മൂലം യുഎസിന് ശതകോടി ഡോളറിന്റെ നഷ്ടമാണുണ്ടാകുന്നത്. അതിനാല്‍ ഈ മലിനീകരണത്തിന്റെ ചെലവ് കൂടി കാനഡ നിലവില്‍ നല്‍കുന്ന ഇറക്കുമതി തീരുവയോടൊപ്പം ചേര്‍ക്കണമെന്നും ട്രംപ് വ്യക്തമാക്കി.

കാട്ടുതീ പുക തടയുന്നതില്‍ കാനഡ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് മിഷിഗണില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ ജനപ്രതിനിധികളായ ജോണ്‍ ജെയിംസ്, ജാക്ക് ബെര്‍ഗ്മാന്‍, ലിസ മക്ലെയ്ന്‍, ജോണ്‍ മൂലനാര്‍ എന്നിവരും കാനഡയ്ക്ക് ‘അവസാന മുന്നറിയിപ്പ്’ നല്‍കിക്കൊണ്ട് കത്തയച്ചിരുന്നു. കാനഡയുടെ നിഷ്‌ക്രിയത്വം മൂലം അമേരിക്കക്കാരുടെ ആരോഗ്യമാണ് അപകടത്തിലാകുന്നതെന്ന് അവര്‍ ആരോപിച്ചു. കാട്ടുതീയെത്തുടര്‍ന്ന് വായുനിലവാരം ഏറ്റവും മോശമായ ആഗോള നഗരങ്ങളുടെ പട്ടികയില്‍ (IQAir index) കഴിഞ്ഞ ദിവസങ്ങളില്‍ ഡെട്രോയിറ്റും ടൊറന്റോയും ഒന്നാമതെത്തിയിരുന്നു.

ട്രംപിന്റെ പ്രസ്താവനയെ പിന്തുണച്ചുകൊണ്ട് ഒഹായോയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ ബെര്‍ണി മൊറീനോയും മാര്‍ക്ക് കാര്‍നിക്കെതിരെ രംഗത്തെത്തി. അമേരിക്കയിലെ മുഴുവന്‍ വാഹനങ്ങളും ഒരു വര്‍ഷത്തേക്ക് റോഡില്‍ നിന്ന് മാറ്റിയാല്‍ ഉണ്ടാകുന്ന അത്രയും മലിനീകരണമാണ് ഏതാനും ആഴ്ചകള്‍ കൊണ്ട് കാനഡയില്‍ നിന്നുള്ള പുക വഴി യുഎസില്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം ആരോപിച്ചു. പ്രമുഖ കണ്‍സര്‍വേറ്റീവ് നിരീക്ഷക മേഗന്‍ മക്കെയ്‌നും ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!