ബാരി: ബാരിയിലെ സെവെണ്‍ ടൗണ്‍ഷിപ്പിലെ ജലാശയത്തില്‍ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഹാനികരമായ ‘സയനോബാക്ടീരിയ’യുടെ (cyanobacteria) സാന്നിധ്യം കണ്ടെത്തി. ഒന്റാരിയോ പരിസ്ഥിതി, സംരക്ഷണ, പാര്‍ക്ക് മന്ത്രാലയം (MECP) നടത്തിയ പരിശോധനയിലാണ് ‘ബ്ലൂ-ഗ്രീന്‍ ആല്‍ഗെ’ സ്പാരോ ലേക്കിന്റെ തെക്കുപടിഞ്ഞാറന്‍ തീരത്ത് പടരുന്നതായി കണ്ടെത്തിയത്. വിഷാംശം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ ജീവിവര്‍ഗ്ഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ തടാകത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രദേശവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വെള്ളത്തിന് നീലകലര്‍ന്ന പച്ചനിറം കണ്ടാല്‍ അവിടെ ആല്‍ഗെയുടെ സാന്നിധ്യമുണ്ടെന്ന് മനസ്സിലാക്കാമെന്ന് ടൗണ്‍ഷിപ്പ് അധികൃതര്‍ വ്യക്തമാക്കി. ഈ പായലുമായി സമ്പര്‍ക്കത്തില്‍ വരികയോ ഇത് കലര്‍ന്ന വെള്ളം കുടിക്കുകയോ ചെയ്താല്‍ ചര്‍മ്മം, കണ്ണ്, തൊണ്ട എന്നിവയില്‍ അസ്വസ്ഥതകള്‍ ഉണ്ടാകാം. ശ്വാസതടസ്സം, തലവേദന, പനി, വയറിളക്കം, വയറുവേദന, ഓക്കാനം അല്ലെങ്കില്‍ ഛര്‍ദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. അണുബാധയുള്ള വെള്ളം വലിയ അളവില്‍ ശരീരത്തിനുള്ളില്‍ എത്തിയാല്‍ ലക്ഷണങ്ങള്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

സിംകോ മസ്കോക്ക ഡിസ്ട്രിക്റ്റ് ഹെല്‍ത്ത് യൂണിറ്റും പരിസ്ഥിതി മന്ത്രാലയവും സ്ഥിതിഗതികള്‍ തുടര്‍ച്ചയായി നിരീക്ഷിച്ചുവരികയാണ്. പൊതുജനങ്ങള്‍ക്ക് പായലിന്റെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടാല്‍ 1-800-268-6060 എന്ന നമ്പറിലോ ഓണ്‍ലൈന്‍ വഴിയോ മന്ത്രാലയത്തെ വിവരമറിയിക്കാവുന്നതാണ്.
