കൊച്ചി: ഭക്ഷണത്തിൽ ഉപ്പ് കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഹോട്ടൽ ജീവനക്കാരനെ ഉടമ കത്തികൊണ്ട് ആക്രമിച്ചതായി പരാതി. എറണാകുളം അങ്കമാലിയിലെ മീൻ വിലാസം ഹോട്ടലിലാണ് സംഭവം.ഹോട്ടലിലെ ഷെഫായ കൊല്ലം സ്വദേശി റിയാസിനാണ് പരുക്കേറ്റത്. കൈയ്ക്ക് വെട്ടേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹോട്ടൽ ഉടമകളിൽ ഒരാളായ മുഹമ്മദ് ഉബൈസാണ് ആക്രമിച്ചതെന്നാണ് പരാതി.സ്വന്തം ഹോട്ടലിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെ ഉബൈസ് ഫിഷ് ഫ്രൈ ഓർഡർ ചെയ്തിരുന്നു. ഭക്ഷണത്തിന് രുചിയില്ലെന്നും ഉപ്പ് കുറവാണെന്നും പറഞ്ഞതോടെയാണ് തർക്കം ആരംഭിച്ചത്.ഫ്രീസർ തകരാറിലായതിനാൽ മീനിന്റെ രുചിയിൽ വ്യത്യാസമുണ്ടായതാകാമെന്ന് ജീവനക്കാരൻ വിശദീകരിച്ചെങ്കിലും ഇത് അംഗീകരിക്കാതെ ഉടമ പ്രകോപിതനായെന്നാണ് പരാതി. തുടർന്ന് വാക്കേറ്റം സംഘർഷത്തിലേക്ക് മാറുകയും ഷെഫിനെ കത്തികൊണ്ട് ആക്രമിക്കുകയും മർദിക്കുകയും ചെയ്തതായി ആരോപണമുണ്ട്.

സംഭവത്തിൽ അങ്കമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പൊലീസ് ശേഖരിച്ചുവരികയാണ്.
