ഡൽഹി: സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് സുപ്രീം കോടതിയുടെ ആശ്വാസ വിധി. വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിയന്ത്രിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലെ ഭാഗം സുപ്രീംകോടതി തിരുത്തി.വഖഫ് ബോർഡ് സെക്രട്ടറിക്ക് എക്‌സ് ഒഫിഷ്യോ അംഗമായി തുടരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സെക്രട്ടറിയെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ച നടപടി റദ്ദാക്കിയതായും കോടതി അറിയിച്ചു.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലെ അവസാന വരിയാണ് സുപ്രീംകോടതി ഒഴിവാക്കിയത്. ഇതോടെ സംസ്ഥാന വഖഫ് ബോർഡിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കും സാമ്പത്തിക ഇടപാടുകൾക്കും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീങ്ങി.ബോർഡിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ച് ബുദ്ധിമുട്ടിക്കുന്നത് എന്തിനാണെന്ന് സുപ്രീംകോടതി ചോദിച്ചു. സ്ഥാപനത്തിന്റെ പ്രവർത്തനം സുഗമമായി തുടരേണ്ടതിന്റെ ആവശ്യകതയും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, ഹൈക്കോടതി ഉത്തരവിൽ ഇടപെടരുതെന്നാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത്. ഹൈക്കോടതിയിലും വഖഫ് ബോർഡിന്റെ നിലപാടുകളോട് സർക്കാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നുവെന്നാണ് വിവരം.സംസ്ഥാന സർക്കാർ വിഷയത്തിൽ ഇരട്ടത്താപ്പ് നിലപാട് സ്വീകരിക്കുന്നുവെന്ന വിമർശനം വഖഫ് ബോർഡ് നേരത്തെ ഉന്നയിച്ചിരുന്നു. സുപ്രീംകോടതി വിധി സംസ്ഥാന വഖഫ് ബോർഡിന് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
