കോട്ടയം: പാലാ നഗരസഭയിലെ യുഡിഎഫ് ഭരണം അവസാനിച്ചു. നഗരസഭാധ്യക്ഷ ദിയ ബിനുവിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. 17 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചു.കോൺഗ്രസിലെ നാല് കൗൺസിലർമാരുടെ പിന്തുണയോടെയാണ് അവിശ്വാസപ്രമേയം പാസായത്. പാർട്ടി നൽകിയ വിപ്പ് ലംഘിച്ചാണ് ഇവർ പ്രമേയത്തെ പിന്തുണച്ചത്. ബിജു മാത്യൂസ്, ടോണി തൈപ്പറമ്പിൽ, രജിത പ്രകാശ്, ലിസികുട്ടി മാത്യൂസ് എന്നിവരാണ് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത്.
കൗൺസിൽ യോഗത്തിൽ പങ്കെടുത്ത സ്വതന്ത്ര അംഗം മായ രാഹുലും പ്രമേയത്തെ എതിർത്തില്ല. അതേസമയം, നഗരസഭാധ്യക്ഷ ദിയ ബിനു ചർച്ചയിൽ പങ്കെടുക്കാൻ എത്തിയിരുന്നില്ല.ദിയ ബിനു ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയുമായി ചേർന്ന് ഭരണം തുടരാനാകില്ലെന്ന് ആറ് കോൺഗ്രസ് കൗൺസിലർമാർ നിലപാട് വ്യക്തമാക്കിയതോടെയാണ് പാലായിലെ യുഡിഎഫ് ഭരണത്തിൽ പ്രതിസന്ധി ആരംഭിച്ചത്.

സ്വതന്ത്ര കൂട്ടായ്മയ്ക്ക് നൽകിയ പിന്തുണ പിൻവലിക്കാൻ കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേരത്തെ തീരുമാനിച്ചിരുന്നു. പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെയാണ് യുഡിഎഫ് പാലാ നഗരസഭയിൽ അധികാരത്തിലെത്തിയത്.
അവിശ്വാസപ്രമേയം പാസായതോടെ പാലാ നഗരസഭയിലെ പുതിയ ഭരണസമവാക്യങ്ങൾ നിർണായകമാകും.
