വിനിപെഗ്: കാനഡയിലെ വിനിപെഗ് സ്വദേശിയിൽ നിന്ന് 15 ലക്ഷം ഡോളർ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ബിഷ്‌ണോയ് സംഘാംഗം അർഷ്ദീപ് സിങ് ബ്രാർ അറസ്റ്റിലായി. മാനിറ്റോബ കോർട്ട് ഓഫ് കിങ്സ് ബെഞ്ചിൽ സമർപ്പിച്ച സിവിൽ ഫോർഫീച്ചർ ഹർജിയിലാണ് സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്.
കഴിഞ്ഞ ഫെബ്രുവരി മധ്യത്തോടെയാണ് പൊതുഫോൺ ബൂത്തിൽ നിന്ന് വിനിപെഗ് സ്വദേശിയെ ബന്ധപ്പെട്ട അർഷ്ദീപ് സിങ് ബ്രാർ, താൻ ബിഷ്‌ണോയ് സംഘത്തിലെ അംഗമാണെന്ന് അവകാശപ്പെട്ടു. തുടർന്ന് പോർട്ടേജ് ലാ പ്രേരിക്ക് സമീപമുള്ള ട്രാൻസ്-കാനഡ ഹൈവേയിലെ നിശ്ചിത സ്ഥലത്ത് 15 ലക്ഷം ഡോളർ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാൾ ഭീഷണിക്കത്ത് അയച്ചതായും രേഖകളിൽ പറയുന്നു.

ഇരയുടെ കുടുംബാംഗങ്ങളെയും ഇന്ത്യയിലുള്ള സഹോദരനെയും കുറിച്ചുള്ള വിവരങ്ങൾ തന്റെ കൈവശമുണ്ടെന്നും, ആവശ്യപ്പെട്ട തുക നൽകിയില്ലെങ്കിൽ പണം ഇരട്ടിയാക്കുമെന്നും ബ്രാർ ഭീഷണിപ്പെടുത്തിയതായി ഹർജിയിൽ വ്യക്തമാക്കുന്നു.ഭീഷണി ലഭിച്ചയാൾ ഉടൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി പൊലീസിന്റെ നിർദേശപ്രകാരം വ്യാജ നോട്ടുകൾ അടങ്ങിയ പാക്കേജ് ആവശ്യപ്പെട്ട സ്ഥലത്ത് എത്തിച്ചു.മാർച്ച് 2-ന് ഫോർഡ് എഫ്-150 ട്രക്കിലെത്തി പാക്കേജ് കൈപ്പറ്റുന്നതിനിടെ അർഷ്ദീപ് സിങ് ബ്രാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഉപയോഗിച്ച വാഹനം കണ്ടുകെട്ടുന്നതിനായി മാനിറ്റോബ സിവിൽ ഫോർഫീച്ചർ ഡയറക്ടർ കോടതിയെ സമീപിച്ചിട്ടുണ്ട്.സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
