ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിന് നേരെ ഡല്‍ഹിയില്‍ പൊലീസ് നടപടി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, കേരളത്തില്‍ നിന്നുള്ള നേതാക്കളായ പി.സി. വിഷ്ണുനാഥ്, കൊടിക്കുന്നില്‍ സുരേഷ് എംപി, ഡീന്‍ കുര്യാക്കോസ് എംപി തുടങ്ങിയ പ്രമുഖരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് തടയാന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ശക്തമായ ഉന്തിയും തള്ളുമുണ്ടായി. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു നേതാക്കളുടെ പ്രതിഷേധം.
രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ.സി. വേണുഗോപാല്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ കൈകള്‍ കൂട്ടിക്കെട്ടിയാണ് ജന്തര്‍ മന്തറില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. സമരപ്പന്തലില്‍ പ്രതിഷേധക്കാര്‍ക്കൊപ്പമിരുന്ന് നേതാക്കള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. മുന്‍ദിവസങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കൊടുവിലാണ് രാഹുല്‍ ഗാന്ധി നേരിട്ട് പ്രതിഷേധത്തിന് നേതൃത്വം നല്കാന് രംഗത്തെത്തിയത്. സമര വേദിയിലെത്തിയ രാഹുല്‍ ഗാന്ധി പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

നേരത്തെ, സിജെപിയുടെ പാര്‍ലമെന്റ് മാര്‍ച്ചിനിടെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റവരെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. സമാധാനപരമായി സമരം ചെയ്യുന്ന ആളുകളെ തല്ലിച്ചതയ്ക്കുന്നത് ഇന്ത്യന്‍ സംസ്കാരത്തിന് ചേര്‍ന്നതല്ലെന്നും, ക്രൂരമായ പൊലീസ് നടപടിയില്‍ പ്രധാനമന്ത്രി ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ലെന്നും രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. ഇത് വെറുമൊരു രാഷ്ട്രീയ വിഷയമല്ലെന്നും രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും ഭാവിയെ ബാധിക്കുന്ന ഗുരുതര പ്രശ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
