ഓട്ടവ: കാനഡയിലെ തുറമുഖ വികസന പദ്ധതി വേഗത്തിലാക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതിനിടെ, തുറമുഖങ്ങളിലെ സുരക്ഷാ വീഴ്ചകളില്‍ ആശങ്കയറിയിച്ച് ഡെല്‍റ്റ മേയര്‍ ജോര്‍ജ്ജ് ഹാര്‍വി. വാര്‍ഷിക വ്യാപാര ശേഷി 10,000 കോടി ഡോളറായി ഉയര്‍ത്താനും രാജ്യത്തിന്റെ ജി.ഡി.പിയിലേക്ക് പ്രതിവര്‍ഷം 300 കോടി ഡോളര്‍ സംഭാവന ചെയ്യാനും ലക്ഷ്യമിടുന്നതാണ് ഈ വന്‍കിട വികസന പദ്ധതി. എന്നാല്‍ കേവലം സാമ്പത്തിക നേട്ടങ്ങള്‍ക്കപ്പുറം തുറമുഖത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിലാണ് കാര്യമെന്ന് മേയര്‍ ജോര്‍ജ്ജ് ഹാര്‍വി വ്യക്തമാക്കി.
യൂറോപ്യന്‍ തുറമുഖങ്ങളിലേതിന് സമാനമായ ആധുനിക സുരക്ഷാ സംവിധാനങ്ങള്‍ കാനഡയില്‍ ഇനിയും നടപ്പിലാക്കിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലഹരിമരുന്നുകള്‍ രാജ്യത്തേക്ക് കടത്തുന്നതും കാനഡയില്‍ നിര്‍മ്മിച്ച് ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് കടത്തുന്നതും തടയാന്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് ഭരണകൂടം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

1997-ല്‍ പ്രത്യേക പോര്‍ട്ട് പോലീസിനെ നിര്‍ത്തലാക്കിയതിന് ശേഷം ആര്.സി.എം.പി (RCMP), പ്രാദേശിക പോലീസ്, കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി, സ്വകാര്യ സുരക്ഷാ ജീവനക്കാര്‍ എന്നിവര്‍ക്കാണ് നിലവില്‍ ചുമതല. എന്നാല്‍ പുതിയ പോലീസ് സേനയെ കൊണ്ടുവരുന്നതിന് പകരം ഗതാഗത തടസ്സമില്ലാതെ ട്രക്കുകള്‍ പരിശോധിക്കാന്‍ കഴിയുന്ന ‘റോളിങ് സ്കാനറുകള്‍’ ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകള്‍ തുറമുഖങ്ങളില്‍ സജ്ജമാക്കുകയാണ് വേണ്ടതെന്ന് ഹാര്‍വി പറഞ്ഞു.
അതേസമയം, തുറമുഖ വികസനവും സുരക്ഷയും രണ്ട് വ്യത്യസ്ത വിഷയങ്ങളാണെന്ന് ഫെഡറല്‍ ഗതാഗത മന്ത്രി സ്റ്റീവന്‍ മക്കിന്നന്‍ പ്രതികരിച്ചു. സുരക്ഷാ വെല്ലുവിളികള്‍ നേരിടാന്‍ ഫെഡറല്‍ സര്‍ക്കാര്‍ ആവശ്യമായ സമയവും ശ്രദ്ധയും നല്‍കുന്നുണ്ടെന്നും ആര്.സി.എം.പി ഉള്‍പ്പെടെയുള്ള ലോകോത്തര പോലീസ് സംവിധാനം സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 2023-ല്‍ മുന്‍ ആര്.സി.എം.പി ഡെപ്യൂട്ടി കമ്മീഷണര്‍ പീറ്റര്‍ ജര്‍മ്മന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ സുരക്ഷാ ആശങ്കകള്‍ ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവില്‍ തുറമുഖങ്ങള്ക്കുള്ളില് കാര്യക്ഷമമായ പോലീസ് സാന്നിധ്യമില്ലെന്നും സുരക്ഷാ ക്രമീകരണങ്ങള്‍ അവഗണിച്ച് വികസനം മാത്രം നടപ്പിലാക്കരുതെന്നും പീറ്റര്‍ ജര്‍മ്മന്‍ ഓര്‍മ്മിപ്പിച്ചു.
