Tuesday, July 21, 2026

വിലക്കയറ്റത്തില്‍ വലഞ്ഞ് കാനഡ; ഭക്ഷ്യസാധനങ്ങള്‍ക്ക് തീവില

മണ്‍ട്രിയോല്‍: കാനഡയില്‍ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ജനങ്ങള്‍ക്ക് വന്‍ തിരിച്ചടിയാകുന്നു. തുടര്‍ച്ചയായ 17-ാം മാസമാണ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രാജ്യത്തെ പൊതു പണപ്പെരുപ്പ നിരക്കിനേക്കാള്‍ മുകളില്‍ നില്‍ക്കുന്നത്. മൊത്തത്തിലുള്ള പണപ്പെരുപ്പം 2.8 ശതമാനത്തിലേക്ക് താഴുകയും മെയ് മാസത്തിലെ 4.3 ശതമാനത്തില്‍ നിന്ന് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 3.9 ശതമാനമായി കുറയുകയും ചെയ്തിട്ടുണ്ടെങ്കിലും, പലചരക്ക് സാധനങ്ങള്‍ക്ക് ഇപ്പോഴും തീവിലയാണ്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കാനഡയില്‍ ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ 30 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായതെന്ന് കനേഡിയന്‍ ലേബര്‍ കോണ്‍ഗ്രസ് മുതിര്‍ന്ന സാമ്പത്തിക വിദഗ്ദ്ധന്‍ ഡി.ടി. കോക്രെയ്ന്‍ വ്യക്തമാക്കി. തക്കാളിയുടെ വിലയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 32 ശതമാനം വര്‍ധനയുണ്ടായെങ്കിലും, മെയ് മാസത്തെ അപേക്ഷിച്ച് ജൂണില്‍ ചെറിയ ആശ്വാസം ദൃശ്യമായിട്ടുണ്ട്. മെക്‌സിക്കോയില്‍ നിന്നുള്ള വിതരണ തടസ്സമായിരുന്നു മുന്‍ മാസങ്ങളില്‍ വില വര്‍ധിക്കാന്‍ കാരണം.

രാജ്യത്ത് പടരുന്ന കാട്ടുതീയും അതിനെത്തുടര്‍ന്നുള്ള പുകയും പച്ചക്കറി ഉത്പാദനത്തെയും വിലയെയും ബാധിച്ചേക്കാമെന്നും സാമ്പത്തിക വിദഗ്ദ്ധന്‍ മൈക്കല്‍ വോണ്‍ മാസോ പറഞ്ഞു. യു.എസ്.-ഇറാന്‍ ചര്‍ച്ചകളും താല്‍ക്കാലിക വെടിനിര്‍ത്തലും മൂലം ആഗോള തലത്തില്‍ ഇന്ധനവിലയിലുണ്ടായ ചെറിയ കുറവാണ് പൊതു പണപ്പെരുപ്പം 2.8 ശതമാനത്തിലേക്ക് താഴാന്‍ പ്രധാന കാരണം. എന്നാല്‍ തക്കാളി, കോഴിയിറച്ചി (5.7% വര്‍ധന), ബ്രെഡ്, ബണ്‍ (6% വര്‍ധന) തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില ഇപ്പോഴും ഉയര്‍ന്ന നിലയില്‍ തുടരുകയാണ്.

ഭക്ഷ്യവസ്തുക്കള്‍ക്കും വീട്ടുവാടകയ്ക്കും ഭാരിച്ച തുക ചെലവാക്കേണ്ടി വരുന്നതോടെ സ്‌കൂള്‍ സീസണ്‍ അടുത്തിരിക്കെ കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍ വാങ്ങാന്‍ പോലും സാധിക്കാതെ വിഷമിക്കുകയാണ് കാനഡയിലെ സാധാരണ കുടുംബങ്ങള്‍. അതേസമയം, വേള്‍ഡ് കപ്പ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ച ടൊറന്റോ, വന്‍കൂവര്‍ തുടങ്ങിയ നഗരങ്ങളിലെ ഹോട്ടല്‍ വാടകയിലും യാത്രാ ചെലവുകളിലും വന്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!