തിരുവനന്തപുരം: പിഎസ്‌സി നടത്തിയ വിവിധ പരീക്ഷകളിൽ ക്രമക്കേട് നടന്നതായി ആരോപിച്ച് ഉദ്യോഗാർഥികളിൽ നിന്ന് വ്യാപക പരാതികൾ. ഇതുവരെ 90ലധികം പരീക്ഷകളുമായി ബന്ധപ്പെട്ട പരാതികളാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. പരാതികളുടെ അടിസ്ഥാനത്തിൽ കൂടുതൽ പരീക്ഷകളിലും കേസെടുത്ത് അന്വേഷണം വ്യാപിപ്പിക്കാനുള്ള സാധ്യതയാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്.
സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് തസ്തികകളിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രമക്കേട് കേസിൽ പിഎസ്‌സിയിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ പ്രതിചേർക്കാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. താൽപര്യമുള്ള ഒരാളെ ബോധപൂർവം ഒന്നാം റാങ്കിലെത്തിക്കാൻ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഇടപെടലുണ്ടായെന്നും അതുവഴി അർഹരായ ഉദ്യോഗാർഥികൾക്ക് അവസരം നിഷേധിക്കപ്പെട്ടെന്നുമാണ് അന്വേഷണത്തിന്റെ പ്രാഥമിക കണ്ടെത്തൽ.
ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഈ കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കും. പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ കമ്മീഷനിലെ ഉദ്യോഗസ്ഥർ തന്നെ പ്രതികളാകുന്ന അപൂർവ സംഭവങ്ങളിലൊന്നായിരിക്കും ഇതെന്നാണ് അന്വേഷണ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
ആസൂത്രണ ബോർഡ് നിയമനക്കേസിനും കെഎഎസ് പരീക്ഷയുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കും പുറമെ 90ലധികം വ്യത്യസ്ത പരീക്ഷകളിൽ ക്രമക്കേടുകൾ നടന്നതായി ലഭിച്ച പരാതികളാണ് നിലവിൽ അന്വേഷണ സംഘത്തിന് മുന്നിലുള്ളത്. ഓരോ പരാതിയും വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികളെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

കൂടുതൽ കേസുകളിൽ അന്വേഷണം ആവശ്യമായി വരുന്നതിനാൽ നിലവിലെ പ്രത്യേക അന്വേഷണ സംഘത്തെ വിപുലപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സംഘത്തെ ശക്തിപ്പെടുത്തുന്ന നടപടികൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
അതേസമയം, വർഷങ്ങൾക്കുമുമ്പ് നടന്ന പരീക്ഷകളുമായി ബന്ധപ്പെട്ട പരാതികളും അന്വേഷണ പരിധിയിലുണ്ടെങ്കിലും, തെളിവുകൾ ലഭ്യമാകാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് അത്തരം പരാതികൾ ആദ്യഘട്ടത്തിൽ മാറ്റിവെക്കാൻ സാധ്യതയുണ്ട്. ചെറിയ ക്ലറിക്കൽ പിഴവുകളെക്കാൾ ക്രിമിനൽ സ്വഭാവമുള്ള ക്രമക്കേടുകൾക്ക് മുൻഗണന നൽകി അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
മുൻകാലങ്ങളിൽ പിഎസ്‌സി പരീക്ഷകളുമായി ബന്ധപ്പെട്ട പരാതികളിൽ കമ്മീഷൻ ആഭ്യന്തര അന്വേഷണം നടത്തി തെളിവില്ലെന്ന് വ്യക്തമാക്കുന്ന രീതിയിലായിരുന്നു നടപടികളെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. എന്നാൽ നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത സാഹചര്യത്തിൽ പരീക്ഷാ രേഖകളും നിയമന നടപടികളും വിശദമായി പരിശോധിക്കപ്പെടുകയാണെന്നും, അന്വേഷണത്തിന്റെ പുരോഗതിക്കനുസരിച്ച് കൂടുതൽ കേസുകളിലും നടപടി ഉണ്ടായേക്കാമെന്നുമാണ് വിലയിരുത്തൽ.
