Sunday, August 2, 2026

R സുഗതന്റെ അവധി: അനുമതി കത്തിൽ ദുരൂഹതയെന്ന് സർക്കാർ; തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ നടപടിയ്ക്ക് സാധ്യത

തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതന് അവധി അനുവദിച്ച നടപടിയിൽ ദുരൂഹതയുണ്ടെന്ന സംശയത്തിൽ സർക്കാർ. സുഗതന് അനുകൂലമായ നടപടിക്ക് പിന്നിൽ ആസൂത്രിത നീക്കമുണ്ടായെന്നാണ് സർക്കാരിന്റെ പ്രാഥമിക വിലയിരുത്തൽ.

ആഭ്യന്തര, തദ്ദേശ വകുപ്പുകളിലെ ഒന്നിലധികം ഉദ്യോഗസ്ഥരുടെ ഇടപെടൽ ഉണ്ടായിരിക്കാമെന്നാണ് സർക്കാർ സംശയിക്കുന്നത്. പ്രത്യേകിച്ച് തദ്ദേശ വകുപ്പ് നൽകിയ അനൗദ്യോഗിക കുറിപ്പിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തരവകുപ്പിൽ നിന്ന് അനുമതി കത്ത് പുറത്തിറങ്ങിയതിലാണ് സംശയം ശക്തമായിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ നിർദേശം ലംഘിച്ചുവെന്ന ആരോപണത്തെ തുടർന്ന് തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര പി അരുണിമക്കെതിരെ വകുപ്പുതല നടപടി ഉണ്ടായേക്കുമെന്നാണ് വിവരം.

സുഗതന്റെ അവധി അപേക്ഷ കൗൺസിൽ അംഗീകരിച്ചാൽ അദ്ദേഹത്തിന്റെ കൗൺസിലർ അംഗത്വം നിലനിർത്താനാകുമെന്ന് തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി ആഭ്യന്തര വകുപ്പിന് നൽകിയ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പ് അവധിക്ക് അനുമതി നൽകിയത്.

ആഭ്യന്തരവകുപ്പിന്റെ അനുമതി കത്ത് ചൂണ്ടിക്കാട്ടിയാണ് മേയർ വി വി രാജേഷ് സുഗതന്റെ അവധി അപേക്ഷ നിയമപരമാണെന്നും അതിൽ വോട്ടെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനം മേയർക്ക് കൈക്കൊള്ളാമെന്നും അറിയിച്ചത്.

തുടർന്ന് ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ മേയറുടെ കാസ്റ്റിങ് വോട്ടിന്റെ സഹായത്തോടെ സുഗതന്റെ അവധി അപേക്ഷ പാസായി. ആകെ 51 കൗൺസിലർമാർ അപേക്ഷയെ പിന്തുണച്ചതായും യുഡിഎഫിലെ ഒരു വിമത കൗൺസിലറും അനുകൂലമായി വോട്ട് ചെയ്തതായും റിപ്പോർട്ടുണ്ട്.

കാപ്പ കേസിൽ പ്രതിയായ ആർ സുഗതൻ നിലവിൽ വിയ്യൂർ ജയിലിലാണ്. തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ അംഗത്വം നഷ്ടപ്പെടാനുള്ള സാഹചര്യമുണ്ടായിരുന്നതിനാലാണ് അവധി അനുവദിക്കുന്ന നീക്കവുമായി ഭരണപക്ഷം മുന്നോട്ടുപോയതെന്ന വിമർശനം ഉയർന്നിരുന്നു.

അതേസമയം, കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ എസ്‌കോർട്ട് പരോൾ അനുവദിക്കണമെന്ന സുഗതന്റെ അപേക്ഷ ആഭ്യന്തരവകുപ്പ് നേരത്തെ നിരസിച്ചിരുന്നു. പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ അനുമതി നടപടികളിലെ വീഴ്ചയും ഉദ്യോഗസ്ഥരുടെ പങ്കും വിശദമായി പരിശോധിക്കാനാണ് സർക്കാർ നീക്കം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!