Thursday, August 6, 2026

ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിന് ടർബുലൻസ്; അന്വേഷണം തുടങ്ങി

ഡൽഹി: തായ്‌ലൻഡിലെ ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനത്തിൽ ശക്തമായ ടർബുലൻസ് അനുഭവപ്പെട്ടതിനെ തുടർന്ന് യാത്രക്കാർക്കും ക്യാബിൻ ക്രൂ അംഗങ്ങൾക്കും പരുക്ക്. എയർ ഇന്ത്യയുടെ AI379 വിമാനത്തിനാണ് യാത്രാമധ്യേ ശക്തമായ കുലുക്കം അനുഭവപ്പെട്ടത്.

വിമാനത്തിലുണ്ടായിരുന്ന എല്ലാവരെയും സുരക്ഷിതമായി ഡൽഹിയിലെത്തിച്ചെങ്കിലും പരുക്കേറ്റ ചിലരെ വിദഗ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ആശുപത്രിയിലേക്ക് മാറ്റി. 137 യാത്രക്കാരും മൂന്ന് ശിശുക്കളും എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

സംഭവത്തിൽ എട്ട് യാത്രക്കാരെയും നാല് ക്യാബിൻ ക്രൂ അംഗങ്ങളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി എയർ ഇന്ത്യ അറിയിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ വ്യക്തമാക്കി.

ശക്തമായ ടർബുലൻസിനെ തുടർന്ന് വിമാനത്തിനുള്ളിൽ പരിഭ്രാന്തി നിറഞ്ഞ സാഹചര്യമുണ്ടായി. ക്യാബിൻ ക്രൂ അംഗങ്ങൾ യാത്രക്കാരോട് സീറ്റ് ബെൽറ്റ് ധരിക്കാനും സീറ്റുകളിൽ നിന്ന് എഴുന്നേൽക്കരുതെന്നും നിർദേശം നൽകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

കുലുക്കത്തിന്റെ ആഘാതത്തിൽ ഓവർഹെഡ് ബിന്നുകൾ തുറക്കുകയും ലഗേജുകൾ വിമാനത്തിനുള്ളിൽ ചിതറുകയും ചില ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. വിമാനത്തിന്റെ മേൽക്കൂരയിലും ഓവർഹെഡ് ബിന്നുകളിലും കേടുപാടുകൾ സംഭവിച്ചതിന്റെ ചിത്രങ്ങളും പുറത്തുവന്നു.

സംഭവം ചിത്രീകരിച്ച യാത്രക്കാരിൽ ഒരാളായ മിൻചൻ, ഇത് ജീവിതത്തിലെ ഏറ്റവും ഭയാനകമായ അനുഭവമായിരുന്നുവെന്ന് സമൂഹമാധ്യമത്തിൽ കുറിച്ചു. ശക്തമായ കുലുക്കത്തിൽ ചില യാത്രക്കാർ സീറ്റിൽ നിന്ന് ഉയർന്ന് വീണതായും പലർക്കും പരുക്കേറ്റതായും അവർ വ്യക്തമാക്കി.ഡൽഹിയിൽ ഇറങ്ങിയ ശേഷം യാത്രക്കാരും സംഭവത്തിന്റെ ഭീകരത വിവരിച്ചു. വിമാനം പെട്ടെന്ന് താഴേക്ക് പതിച്ചതുപോലെയുള്ള അനുഭവമാണ് ഉണ്ടായതെന്നും ചിലർ മേൽക്കൂരയിൽ തലയിടിച്ച് വീണതായും യാത്രക്കാർ പറഞ്ഞു.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് ഏറ്റവും ഉയർന്ന പരിഗണന നൽകുന്നതെന്നും വിമാനക്കമ്പനി വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!