ന്യൂഡല്‍ഹി: ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം യാത്രയ്ക്കിടെ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ പൈലറ്റിനെ പിരിച്ചുവിട്ടു. പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യയുടെ നടപടി. സംഭവത്തില്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും ഗുരുതര ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.
ആഗസ്റ്റ് നാലിനാണ് AI2379 എയര്‍ ഇന്ത്യ വിമാനം പറക്കലിനിടെ പെട്ടെന്ന് 300 അടി താഴേക്ക് പതിച്ചത്. അപകടത്തില്‍ 20 യാത്രക്കാര്‍ക്കും നാല് ജീവനക്കാര്‍ക്കും പരിക്കേറ്റിരുന്നു. വായുസഞ്ചാരത്തിലെ തടസ്സങ്ങള്‍ (ടര്‍ബുലന്‍സ്) മൂലമാണ് വിമാനം താഴേക്ക് പോയതെന്നാണ് എയര്‍ ഇന്ത്യ ആദ്യം വിശദീകരിച്ചിരുന്നത്. എന്നാല്‍, ഫ്രഞ്ച് വിമാന നിര്‍മാതാക്കള്‍ നല്കിയ റിപ്പോര്‍ട്ടില്‍ വിമാനത്തിലെ ഗ്രീന്‍, ബ്ലൂ, യെല്ലോ ഹൈഡ്രോളിക് സംവിധാനങ്ങളിലെ മര്‍ദം പെട്ടെന്ന് കുറഞ്ഞതാണ് അപകടത്തിന് കാരണമായതെന്ന് കണ്ടെത്തി.

മര്‍ദം കുറഞ്ഞതോടെ എലിവേറ്റര്‍, എയ്ലറോണ്‍ തുടങ്ങിയ ഫ്ലൈറ്റ് കണ്ട്രോള് സംവിധാനങ്ങളുടെ നിയന്ത്രണം നാല് സെക്കന്‍ഡോളം താല്‍ക്കാലികമായി നഷ്ടപ്പെടുകയും ഓട്ടോപൈലറ്റ് വിച്ഛേദിക്കപ്പെടുകയും ചെയ്തു. ഇതിനുപുറമേ, യാത്രയ്ക്കിടെ പൈലറ്റ് 30 മുതല്‍ 35 മിനിറ്റ് വരെ ഉറങ്ങിയിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
