Saturday, November 14, 2026

സോണിയ ഗാന്ധിക്കെതിരായ ‘നിഗൂഢയായ വിദേശപൗര’യെന്ന പരാമര്‍ശം: കങ്കണാ റണൗത്തിനെതിരെ കേസ്

ഡല്‍ഹി: സോണിയ ഗാന്ധിക്കെതിരായ സമൂഹമാധ്യമ പോസ്റ്റില്‍ ബിജെപി എംപിയും നടിയുമായ കങ്കണാ റണൗത്തിനെതിരെ ഹിമാചല്‍ പ്രദേശ് പൊലീസ് കേസെടുത്തു. സോണിയ ഗാന്ധിയെ നിഗൂഢയായ വിദേശപൗര എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള എക്‌സ് പോസ്റ്റിനെതിരെ ഷിംല സ്വദേശി നല്‍കിയ പരാതിയിലാണ് നടപടി. ഭാരതീയ ന്യായ സംഹിതയിലെ (BNS) 196, 353, 356 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സോണിയ ഗാന്ധിയുടെ ഓര്‍മ്മക്കുറിപ്പുമായി ബന്ധപ്പെട്ട് എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് വിവാദ പരാമര്‍ശങ്ങളുള്ളതെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, കൂടാതെ സഞ്ജയ് ഗാന്ധി എന്നിവരുടെ മരണങ്ങളില്‍ സംശയം ജനിപ്പിക്കുന്ന തരത്തിലും പ്രകോപനപരമായ രീതിയിലുമാണ് കങ്കണാ റണൗത്ത് പോസ്റ്റ് പങ്കുവെച്ചതെന്ന് പരാതിയില്‍ പറയുന്നു.

സഞ്ജയ് ഗാന്ധിയുടെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ മനേക ഗാന്ധിയെ കുടുംബവസതിയില്‍ നിന്ന് പുറത്താക്കി എന്ന കങ്കണയുടെ അവകാശവാദത്തെക്കുറിച്ചും പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഈ സമൂഹമാധ്യമ പോസ്റ്റുകള്‍ കേവലം രാഷ്ട്രീയ വിമര്‍ശനത്തിനപ്പുറം, സമൂഹത്തില്‍ പ്രകോപനപരമായ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള ആസൂത്രിതമായ ശ്രമമാണെന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിട്ടുണ്ടെന്നും സംഭവത്തില്‍ വിശദമായ തുടരന്വേഷണം നടന്നുവരികയാണെന്നും ഷിംല പൊലീസ് സൂപ്രണ്ട് ഗൗരവ് സിംഗ് വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!