ഒന്റാരിയോ സർക്കാർ സുരക്ഷാ കാരണങ്ങളാൽ പുതിയ നീല നിറത്തിലുള്ള ലൈസൻസ് പ്ലേറ്റുകൾ നൽകുന്നത് നിർത്തുമെന്ന് പ്രഖ്യാപിച്ച് മൂന്നു വർഷത്തിന് ശേഷവും 2023 ജനുവരി വരെ, 170,000 വാഹനങ്ങളിൽ ഇത്തരം ലൈസൻസ് പ്ലേറ്റുകൾ ഉപയോഗിക്കുന്നതായി റിപ്പോർട്ട്.
“ഹൈ-ഡെഫനിഷൻ” ഷീറ്റിംഗിന്റെ ഫലമായി ഉൽപ്പന്നം കൂടുതൽ കാലം നിലനിൽക്കുമെന്ന് വാഗ്ദാനം നൽകി “എ പ്ലെയ്‌സ് ടു ഗ്രോ” പ്ലേറ്റുകൾ 2019-ലാണ് ആദ്യമായി അവതരിപ്പിച്ചത്. പുതിയ ലൈസൻസ് പ്ലേറ്റുകൾ രാത്രിയിൽ വായിക്കാൻ ബുദ്ധിമുട്ട് നേരിടുന്നു എന്നത് ഉൾപ്പെടെ നിരവധി പ്രശ്‌നങ്ങൾ ആളുകൾ റിപ്പോർട്ട് ചെയ്തിരുന്നു. പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതിനാൽ ലൈസൻസ് പ്ലേറ്റിലെ അക്ഷരങ്ങൾ വായിക്കാൻ സാധിക്കുന്നില്ലെന്ന് കണ്ടെത്തി.

പരാതികൾ വർധിച്ചതിനെ തുടർന്ന് 2020 ഫെബ്രുവരിയിൽ പുതിയ പ്ലേറ്റുകൾ നൽകുന്നത് നിർത്താൻ സർക്കാർ തീരുമാനിച്ചു. തൊട്ടടുത്തമാസം, പകരം പ്ലേറ്റുകൾ എന്ന ആശയവും ഉപേക്ഷിച്ചിരുന്നു. 193,000 നീല ലൈസൻസ് പ്ലേറ്റുകൾ വിതരണം ചെയ്തിട്ടുണ്ടെന്നും എന്നാൽ അവയിൽ ഏകദേശം 170,000 എണ്ണം ഇന്നും ഉപയോഗിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
പുതിയ വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ ഡ്രൈവർമാർക്ക് വെള്ള പ്ലേറ്റുകൾ ലഭിക്കുന്നുണ്ടെന്ന് പബ്ലിക് ആൻഡ് ബിസിനസ് സർവീസ് ഡെലിവറി മന്ത്രാലയത്തിന്റെ വക്താവ് പറഞ്ഞു. എന്നാൽ, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നീല പ്ലേറ്റുകൾ ഉപയോഗിക്കാമെന്നും വക്താവ് പറഞ്ഞു.
