മുംബൈ: ഐപിഎല്ലില്‍ (IPL 2022) മറ്റൊരു നാഴികക്കല്ല് പിന്നിട്ട് പഞ്ചാബ് കിംഗ്സ് (Punjab Kings) ഓപ്പണര്‍ ശിഖര്‍ ധവാന്‍ (Shikhar Dhawan).ഐപിഎല്ലില്‍ ആറായിരം റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടം ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തില്‍ (PBKS vs CSK) ധവാന്‍ സ്വന്തമാക്കി. ഇരുന്നൂറാം മത്സരത്തിലാണ് ധവാന്‍റെ നേട്ടം.
6402 റണ്‍സെടുത്ത വിരാട് കോലിയാണ് റണ്‍വേട്ടക്കാരില്‍ ഒന്നാമന്‍. 5764 റണ്‍സുമായി മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മയാണ് മൂന്നാം സ്ഥാനത്ത്. 5668 റണ്‍സുള്ള ഡേവിഡ് വാര്‍ണറാണ് റണ്‍വേട്ടക്കാരില്‍ മുന്നിലുള്ള വിദേശ താരം. മറ്റൊരു നേട്ടം കൂടി മത്സരത്തില്‍ ധവാന്‍ പേരിലാക്കി. ട്വന്‍റി 20യില്‍ 9000 റണ്‍സ് ക്ലബ്ബില്‍ കോലിക്കും രോഹിത്തിനും ശേഷം ഇടംപിടിക്കാനും ധവാനായി. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടിയ ബാറ്റര്‍ ധവാനാണ്. 675 ബൗണ്ടറികള്‍. 52 അര്‍ധസെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണറിന് ശേഷം രണ്ടാം സ്ഥാനത്ത് ധവാന്‍ നില്‍ക്കുന്നു. 45 ഫിഫ്റ്റികളാണ് ധവാന്‍റെ പേരിലുള്ളത്.
പഞ്ചാബ് കിംഗ്സിനായി ധവാന്‍ തകര്‍ത്തടിച്ച മത്സരത്തില്‍ നിലവിലെ ഐപിഎല്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് ആറാം തോല്‍വി നേരിട്ടു. പഞ്ചാബ് കിംഗ്സ് 11 റണ്‍സിന് ചെന്നൈയെ തോല്‍പിക്കുകയായിരുന്നു. പഞ്ചാബിന്റെ 187 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈയ്ക്ക് ആറ് വിക്കറ്റിന് 176 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 39 പന്തില്‍ 78 റണ്‍സെടുത്ത റായുഡുവിന്‍റെ പോരാട്ടം പാഴായി. അവസാന ഓവറില്‍ ക്രീസിലുണ്ടായിട്ടും എം എസ് ധോണിക്കും രവീന്ദ്ര ജഡേജയ്ക്കും ടീമിനെ ജയിപ്പിക്കാനായില്ല.
നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ പഞ്ചാബ് ഓപ്പണര്‍ ശിഖര്‍ ധവാന്‍റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെ മികവിലാണ് മികച്ച സ്കോര്‍ കുറിച്ചത്. 59 പന്തില്‍ 88 റണ്‍സെടുത്ത ധവാനാണ് പഞ്ചാബിന്‍റെ ടോപ് സ്കോറര്‍. ഭാനുക രജപക്സെ(42)യും പഞ്ചാബിനായി തിളങ്ങി. ധവാനാണ് കളിയിലെ താരം.
