ടൊറന്റോ : നഗരത്തില്‍ കഴിഞ്ഞ ആഴ്ച്ചയുണ്ടായ മഞ്ഞുവീഴ്ചയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിരവധി പേര്‍ ചികിത്സയില്‍. മഞ്ഞ് നീക്കം ചെയ്യുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. 34 പേരാണ് ന്യൂമാര്‍ക്കറ്റിലെ സൗത്ത് ലേക്ക് ഹെല്‍ത്ത് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഫെബ്രുവരി 12 നും 20 നും ഇടയിലുണ്ടായ മഞ്ഞുവീഴ്ചയില്‍ വാഹനങ്ങള്‍ പോകാനുള്ള വഴി വ്യത്തിയാക്കാന്‍ ഇറങ്ങിയവരാണ് ഹൃദയാഘാത ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ചികിത്സ തേടിയത്. കാലാവസ്ഥാ വ്യതിയാനം ശരീരത്തിലെ ഓക്സിജന്റെ അളവ് കുറച്ചതായിരിക്കാം ഹൃദയാഘാതത്തിന് കാരണമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിശദീകരണം. അതേസമയം കാനഡയില്‍ ഫെബ്രുവരി മാസത്തില്‍ ഹൃദ്രോഗ കേസുകള്‍ 10% വര്‍ധിക്കാറുണ്ടെന്ന് ഹാര്‍ട്ട് ആന്‍ഡ് സ്ട്രോക്ക് ഫൗണ്ടേഷന്‍ പറയുന്നു.

ഒരേ സമയം ഇത്രയും അധികം ആളുകള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ചകിത്സ തേടുന്നത് ആശങ്കാജനകമാണെന്ന് സൗത്ത് ലേക്ക് ഹെല്‍ത്തിലെ കാര്‍ഡിയാക് വിഭാഗം മേധാവി ഡോ. ക്രിസ്റ്റഫര്‍ ഓവര്‍ഗാര്‍ഡ് പറഞ്ഞു. ചികിത്സ തേടിയവരില്‍ 40, 50, 60 എന്നിങ്ങനെ പല പ്രായ പരിധിയിലുള്ളവരുണ്ടെന്ന് ഓവര്‍ഗാര്‍ഡ് പറയുന്നു. എന്നാല്‍ അവരില്‍ എല്ലാവരും യോര്‍ക്ക് മേഖലയില്‍ നിന്നുള്ളവരാണ്.
നെഞ്ചുവേദന, ശ്വാസതടസ്സം, ഓക്കാനം, ഛര്‍ദ്ദി, കൈകള്‍, താടിയെല്ല്, സ്ത്രീകളുടെ പുറം, തോളുകള്‍ എന്നിവയിലേക്ക് വ്യാപിക്കുന്ന വേദന എന്നിവയാണ് രോഗലക്ഷണങ്ങള്‍. മഞ്ഞ് നീക്കം ചെയ്യുമ്പോള്‍ ആളുകള്‍ സ്വന്തം ശരീരത്തെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണെന്നും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ 911 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും മുന്നറിയിപ്പ്നല്‍കി.