Tuesday, April 21, 2026

ആൽബർട്ടയിൽ ഡോക്ടറുടെ നിർദ്ദേശമില്ലാതെ ഇനി സ്വകാര്യ ലാബ് പരിശോധനകൾ നടത്താം

എഡ്മിന്റൻ: ഡോക്ടറുടെ ശുപാർശയോ കുറിപ്പടിയോ ഇല്ലാതെ തന്നെ പൗരന്മാർക്ക് സ്വന്തം താല്പര്യപ്രകാരം സ്വകാര്യ ലാബുകളിൽ പോയി രോഗനിർണ്ണയ പരിശോധനകൾ നടത്താൻ അനുവാദം നൽകുന്ന ബിൽ 29 ആൽബർട്ട സർക്കാർ അവതരിപ്പിച്ചു. എം.ആർ.ഐ, സിടി സ്കാൻ, രക്തപരിശോധനകൾ എന്നിവ ഇനി മുതൽ വ്യക്തികൾക്ക് നേരിട്ട് പണമടച്ച് നടത്താം. വിറ്റാമിൻ, ഹോർമോൺ പരിശോധനകൾ തുടങ്ങിയവയും ഇതിൽ ഉൾപ്പെടും. ഈ പരിശോധനകൾക്ക് വ്യക്തികൾ സ്വന്തം കയ്യിൽ നിന്നോ ഇൻഷുറൻസ് വഴിയോ പണം നൽകണം. സർക്കാർ പൊതു ആരോഗ്യ സംവിധാനത്തിന്മേലുള്ള അമിതഭാരം കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് ആരോഗ്യ മന്ത്രി അഡ്രിയാന ലാഗ്രാഞ്ച് പറഞ്ഞു. പരിശോധനയിൽ ഗുരുതരമായ രോഗങ്ങൾ കണ്ടെത്തുകയാണെങ്കിൽ, ചില നിബന്ധനകളോടെ പരിശോധനാ തുക തിരികെ ലഭിക്കുമെന്ന് സർക്കാർ സൂചിപ്പിച്ചു. എന്നാൽ സ്വകാര്യ ഇൻഷുറൻസ് ഉള്ളവർ അത് ആദ്യം ഉപയോഗപ്പെടുത്തണം.

ലഹരി വിമുക്തിക്കുള്ള മരുന്നുകൾ ഗ്രാമീണ മേഖലകളിലും തദ്ദേശീയ മേഖലകളിലും എളുപ്പത്തിൽ ലഭ്യമാക്കാൻ ഫാർമസികൾക്ക് പ്രത്യേക അനുമതി നൽകാനും ഈ ബില്ലിൽ വ്യവസ്ഥയുണ്ട്. അതേ സമയം സർക്കാരിന്റെ ഈ നീക്കത്തിനെതിരെ ഒരു വിഭാഗം ഡോക്ടർമാരും ആരോഗ്യ വിദഗ്ധരും രംഗത്തെത്തി. പണമുള്ളവർക്ക് വേഗത്തിൽ പരിശോധനകൾ നടത്താൻ കഴിയുന്നത് സമൂഹത്തിൽ വലിയ വിവേചനമുണ്ടാക്കുമെന്ന് പ്രധാന വിമർശനം. സ്വകാര്യ മേഖലയിലേക്ക് വിദഗ്ധരായ ലാബ് ടെക്നീഷ്യൻമാർ മാറുന്നത് പൊതു ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിച്ചേക്കും. ഡോക്ടറുടെ നിർദ്ദേശമില്ലാതെ നടത്തുന്ന പരിശോധനകൾ അനാവശ്യ ഭീതിക്കും തുടർചികിത്സാ പ്രശ്നങ്ങൾക്കും കാരണമായേക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ മാതൃക പിന്തുടർന്നാണ് ആൽബർട്ട ഈ മാറ്റം കൊണ്ടുവരുന്നത്. ഈ വർഷം അവസാനത്തോടെ പദ്ധതിയുടെ കൂടുതൽ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറങ്ങും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!