ഓട്ടവ: കാനഡയിലെ ഗ്രാമീണ മേഖലകളിൽ നേരിടുന്ന കടുത്ത തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായി താൽക്കാലിക വിദേശ തൊഴിലാളി നിയമങ്ങളിൽ നിർണ്ണായകമായ ഇളവുകൾ പ്രഖ്യാപിച്ചു. 2026 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വന്ന പുതിയ പരിഷ്കാരങ്ങൾ പ്രകാരം പ്രവിശ്യകൾക്ക് കൂടുതൽ അധികാരങ്ങൾ നൽകുകയും നിയമങ്ങളിൽ ഇളവ് വരുത്തുകയും ചെയ്തിട്ടുണ്ട്. ഗ്രാമീണ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഇനി മുതൽ കൂടുതൽ വിദേശ തൊഴിലാളികളെ നിയമിക്കാം. നിലവിലുണ്ടായിരുന്ന 10 ശതമാനം എന്ന പരിധി പലയിടങ്ങളിലും 15 ശതമാനമായി ഉയർത്തി. നോവസ്‌കോഷ, കെബെക്ക് തുടങ്ങിയ പ്രവിശ്യകൾ ഈ പുതിയ പദ്ധതിയിൽ ഇതിനോടകം പങ്കുചേർന്നു കഴിഞ്ഞു. കാർഷിക മേഖല, ഭക്ഷ്യ സംസ്കരണം, ടൂറിസം, ഹെൽത്ത് കെയർ തുടങ്ങിയ മേഖലകളിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാൻ ഇത് സഹായിക്കും. വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് മുൻപ് പ്രാദേശികമായി തൊഴിലാളികളെ കണ്ടെത്താൻ തൊഴിലുടമകൾ പാലിക്കേണ്ട കടുത്ത നിബന്ധനകളിൽ ഗ്രാമീണ മേഖലകൾക്ക് പ്രത്യേക പരിഗണന നൽകും. നിലവിൽ 10 ശതമാനത്തിന് മുകളിൽ വിദേശ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്ക് ആ അനുപാതം നിലനിർത്താനും അനുമതിയുണ്ട്.

ഗ്രാമീണ മേഖലകളിൽ ജോലി ചെയ്യുന്ന താൽക്കാലിക തൊഴിലാളികൾക്ക് സ്ഥിരതാമസത്തിനുള്ള (Permanent Residency) അപേക്ഷകൾ വേഗത്തിലാക്കാൻ റീജിയണൽ ഇമിഗ്രേഷൻ പ്രോഗ്രാമുകൾ വഴി സാധിക്കും.അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പിനും കോ-ഓപ്പ് (Co-op) വർക്ക് പെർമിറ്റുകൾക്കുമായി പ്രത്യേകം അപേക്ഷ നൽകേണ്ടതില്ല എന്ന നിയമവും ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വന്നു. സ്റ്റഡി പെർമിറ്റ് ഉപയോഗിച്ച് തന്നെ നിശ്ചിത സമയ പരിധിക്കുള്ളിൽ ഇവർക്ക് തൊഴിൽ പരിശീലനം നേടാം. കാനഡയിലെ പ്രധാന നഗരങ്ങൾക്ക് പുറത്തുള്ള ചെറുകിട ബിസിനസ്സുകൾക്കും ഗ്രാമീണ മേഖലകളിൽ ജോലി ആഗ്രഹിക്കുന്ന വിദേശികൾക്കും ഈ മാറ്റം വലിയ അവസരങ്ങളാണ് തുറന്നു നൽകുന്നത്. കുടിയേറ്റം നഗരങ്ങളിൽ മാത്രം കേന്ദ്രീകരിക്കുന്നതിന് പകരം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുക എന്നതാണ് ഗവൺമെന്റ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
