ഒട്ടാവ: കാനഡയിലെ ഭവന പ്രതിസന്ധിയും വർധിച്ചു വരുന്ന ജീവിതച്ചെലവും പരിഹരിക്കുന്നതിനായി ഫെഡറൽ ഗവൺമെന്റും ഓട്ടവ സിറ്റിയും തമ്മിലുള്ള ചരിത്രപരമായ കരാറിന് പ്രാഥമിക അംഗീകാരമായി. പ്രധാനമന്ത്രി മാർക്ക് കാർണിയും ഓട്ടവ മേയർ മാർക്ക് സട്ട്‌ക്ലിഫും കഴിഞ്ഞ ഡിസംബറിൽ ഒപ്പുവെച്ച മൾട്ടി ബില്യൺ ഡോളർ പദ്ധതിയാണ് ഭരണപരമായ കടമ്പകൾ മറികടന്നത്. പുതിയ ഫെഡറൽ ഏജൻസിയായ ‘ബിൽഡ് കാനഡ ഹോംസ്’ വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ഒട്ടാവയിലെ ഫെഡറൽ ഭൂമിയിൽ 2,000 പുതിയ വീടുകൾ നിർമ്മിക്കും. ആകെ നിർമ്മിക്കുന്ന വീടുകളിൽ 800 എണ്ണം കുറഞ്ഞ വരുമാനക്കാർക്കായി നീക്കിവെക്കും. ഇതിൽ 200 വീടുകൾ ഏറ്റവും കുറഞ്ഞ വരുമാനമുള്ളവർക്കായി ഡീപ്പ്ലി അഫോർഡബിൾ വിഭാഗത്തിൽ ഉൾപ്പെടുത്തി. വാർഷിക വരുമാനം 37,128 ഡോളറിൽ താഴെയുള്ളവർക്ക് ഒരു ബെഡ്‌റൂം യൂണിറ്റുകൾ പ്രതിമാസം വെറും $491 വാടകയ്ക്ക് ലഭിക്കും. വലിയ കുടുംബങ്ങൾക്കുള്ള നാല് ബെഡ്‌റൂം വീടുകളുടെ വാടക $1,130 ആയിരിക്കും.
പദ്ധതിക്കായി സിറ്റി ഭരണകൂടം 150 മില്യൺ ഡോളർ നീക്കിവെക്കും.

കൂടാതെ, നിർമ്മാണത്തിനുള്ള ഫീസുകളും മറ്റ് ചാർജുകളും ഒഴിവാക്കുന്നതിലൂടെ ഏകദേശം 245 മില്യൺ ഡോളറിന്റെ ഇളവുകൾ സിറ്റി നൽകും.ഒട്ടാവയിലെ ‘അഫോർഡബിൾ ഹൗസിംഗ്’ കാത്തിരിപ്പ് പട്ടികയിലുള്ള 15,000-ലധികം ആളുകൾക്ക് ഈ പദ്ധതി വലിയ ആശ്വാസമാകും. നിലവിൽ ഈ പട്ടികയിലുള്ളവരിൽ 8 ശതമാനം പേർക്ക് മാത്രമാണ് വീട് ലഭിക്കുന്നത്. വിപണിയിലെ വിലക്കയറ്റം നിർമ്മാണ മേഖലയെ ബാധിക്കാതെ നോക്കാനും ഈ സർക്കാർ ഇടപെടൽ സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു. ഒട്ടാവ സിറ്റി കമ്മിറ്റികൾ അംഗീകരിച്ച ഈ പദ്ധതി ഏപ്രിൽ 22-ന് നടക്കുന്ന സിറ്റി കൗൺസിൽ യോഗത്തിൽ അന്തിമ അനുമതിക്കായി സമർപ്പിക്കും.
