Wednesday, July 15, 2026

കാനഡയിലെ ഭവന വില്‍പ്പന കുറയുമെന്ന് പ്രവചനം; റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ മന്ദത തുടരുമെന്ന് CREA

ഓട്ടവ: കാനഡയിലെ ഭവന വില്‍പ്പനയില്‍ കഴിഞ്ഞ ജൂണ്‍ മാസത്തില്‍ നേരിയ വര്‍ധനവുണ്ടായെങ്കിലും, 2026-ലെ മൊത്തത്തിലുള്ള ഭവന വില്‍പ്പന കുറയുമെന്ന് കനേഡിയന്‍ റിയല്‍ എസ്റ്റേറ്റ് അസോസിയേഷന്‍ (CREA).

പുതിയ കണക്കുകള്‍ പ്രകാരം 2026-ല്‍ കാനഡയിലുടനീളം ആകെ 4,63,336 റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ മാത്രമേ വിറ്റഴിക്കപ്പെടൂ എന്നാണ് CREA പ്രതീക്ഷിക്കുന്നത്. ഇത് 2025-നെ അപേക്ഷിച്ച് 1.4 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ നടത്തിയ പ്രവചനത്തില്‍ വിപണിയില്‍ 1 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നാണ് അസോസിയേഷന്‍ പറഞ്ഞിരുന്നതെങ്കിലും, ഇപ്പോള്‍ അതില്‍ നിന്നും പിന്നോട്ട് പോയിരിക്കുകയാണ്.

അതേസമയം, കാനഡയിലെ വീടുകളുടെ ദേശീയ ശരാശരി വിലയില്‍ (National Average Home Price) വാര്‍ഷികാടിസ്ഥാനത്തില്‍ 1.1 ശതമാനം വര്‍ധനവുണ്ടാകുമെന്നും അത് 6,86,710 ഡോളറിലെത്തുമെന്നും പ്രവചിക്കുന്നു. എന്നാല്‍ ഇതും വസന്തകാലത്ത് (Spring) പ്രവചിച്ചിരുന്ന തുകയേക്കാള്‍ ഏകദേശം 2,000 ഡോളറോളം കുറവാണ്.

ജൂണില്‍ നേരിയ ആശ്വാസം

കഴിഞ്ഞ ജൂണ്‍ മാസത്തില്‍ കാനഡയിലെ ശരാശരി വീട് വില്‍പ്പന വില മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 0.5 ശതമാനം വര്‍ധിച്ച് 6,96,078 ഡോളറിലെത്തി. സാധാരണ വീടുകളുടെ വില്‍പ്പനയെ പ്രതിഫലിപ്പിക്കുന്ന CREA-യുടെ ഹോം പ്രൈസ് ഇന്‍ഡക്‌സ് (Home Price Index) മേയ് മാസത്തെ അപേക്ഷിച്ച് ജൂണില്‍ മാറ്റമില്ലാതെ സ്ഥിരത പുലര്‍ത്തി. 2025 ജനുവരിക്ക് ശേഷം ആദ്യമായാണ് മാസ അടിസ്ഥാനത്തിലുള്ള വില സൂചികയില്‍ ഇടിവുണ്ടാകാതിരിക്കുന്നത് എന്നത് വിപണിക്ക് നേരിയ ആശ്വാസം നല്‍കുന്നുണ്ട്. എങ്കിലും, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ സൂചികയില്‍ 3.6 ശതമാനത്തിന്റെ കുറവുണ്ട്.

ദേശീയതലത്തിലുള്ള വീട് വില്‍പ്പന മുന്‍വര്‍ഷത്തെ ജൂണ്‍ മാസത്തെ അപേക്ഷിച്ച് ഈ തവണ 0.9 ശതമാനം വര്‍ധിച്ചു. മേയ് മാസത്തെ അപേക്ഷിച്ച് ജൂണില്‍ 0.5 ശതമാനം വര്‍ധനവും വില്‍പ്പനയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ചെറിയ മുന്നേറ്റം വിപണിയില്‍ ദൃശ്യമാണെങ്കിലും, വരും മാസങ്ങളിലെ മൊത്തത്തിലുള്ള ഭവന വിപണി മന്ദഗതിയിലായിരിക്കുമെന്ന സൂചനയാണ് CREA-യുടെ പുതിയ റിപ്പോര്‍ട്ട് നല്‍കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!