Wednesday, July 15, 2026

വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയില്‍; ടൊറന്റോയില്‍ ഓറഞ്ച് അലേര്‍ട്ട്

ടൊറന്റോ: ടൊറന്റോ നഗരത്തില്‍ വായുനിലവാരം ഏറ്റവും മോശം അവസ്ഥയില്‍ എത്തിയതോടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് എന്‍വയോണ്‍മെന്റ് കാനഡ. വടക്കുപടിഞ്ഞാറന്‍ ഒന്റാരിയോയിലെ കാട്ടുതീയില്‍ നിന്നുയരുന്ന കനത്ത പുകപടലങ്ങളാണ് ടൊറന്റോ ഉള്‍പ്പെടെയുള്ള ദക്ഷിണ ഒന്റാരിയോ മേഖലയെ പൂര്‍ണ്ണമായി മൂടിയിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി ആരംഭിച്ച ഈ പ്രതികൂല സാഹചര്യം വെള്ളിയാഴ്ച രാവിലെ വരെ നീണ്ടുനിന്നേക്കുമെന്ന് കാലാവസ്ഥാ ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു. ഇതേസമയം നഗരത്തില്‍ ഉഷ്ണതരംഗത്തെത്തുടര്‍ന്നുള്ള യെല്ലോ അവര്‍ട്ടും നിലനില്‍ക്കുന്നുണ്ട്.

സ്വിസ് എയര്‍ ക്വാളിറ്റി ടെക്‌നോളജി കമ്പനിയായ IQAir-ന്റെ ആഗോള സൂചിക പ്രകാരം ബുധനാഴ്ച രാവിലെ ലോകത്തിലെ ഏറ്റവും കൂടുതല്‍ വായുമലിനീകരണമുള്ള പ്രധാന നഗരങ്ങളുടെ പട്ടികയില്‍ ടൊറന്റോ ഒന്നാമതെത്തി. കാട്ടുതീയില്‍ നിന്നുള്ള പുകയിലെ സൂക്ഷ്മകണങ്ങള്‍ അന്തരീക്ഷത്തില്‍ വന്‍തോതില്‍ ഉയര്‍ന്നതാണ് വായുനിലവാരം ഇത്രയും മോശമാകാന്‍ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ ബ്രയാന്‍ ഔസിയാക് പറഞ്ഞു. ആഴ്ചാവസാനത്തോടെ കാറ്റിന്റെ ദിശ മാറുന്നതോടെ മാത്രമേ ഇതില്‍ കുറവുണ്ടാകൂ.

അനാവശ്യമായി വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് എന്‍വയോണ്‍മെന്റ് കാനഡ ആവശ്യപ്പെട്ടിട്ടുണ്ട്. വായുനിലവാര ഭീഷണിയെത്തുടര്‍ന്ന് യൂണിവേഴ്‌സിറ്റി ഓഫ് ടൊറന്റോയില്‍ നടത്താനിരുന്ന ഫിഫ ലോകകപ്പ് അര്‍ജന്റീന-ഇംഗ്ലണ്ട് സെമിഫൈനല്‍ മത്സരത്തിന്റെ തത്സമയ പ്രദര്‍ശനം (Watch Party) അധികൃതര്‍ റദ്ദാക്കി. പുക ശ്വസിക്കുന്നത് വഴി കണ്ണുകളിലും മൂക്കിലും തൊണ്ടയിലും അസ്വസ്ഥത, തലവേദന, നെഞ്ചുവേദന, കടുത്ത ചുമ എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, പുറംജോലിക്കാര്‍ എന്നിവരാണ് കൂടുതല്‍ അപകടസാധ്യത നേരിടുന്നത്.

ബുധനാഴ്ച നഗരത്തില്‍ താപനില 33 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാമെങ്കിലും അന്തരീക്ഷ ഈര്‍പ്പം കാരണം അനുഭവപ്പെടുന്ന ചൂട് 36 ഡിഗ്രിക്ക് അടുത്തായിരിക്കും. സുരക്ഷാ ക്രമീകരണങ്ങള്‍ ചൂടില്‍ നിന്നും പുകയില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കാന്‍ നഗരസഭയുടെ നേതൃത്വത്തില്‍ സിറ്റി ഹാള്‍, മെട്രോ ഹാള്‍ ഉള്‍പ്പെടെ ആറ് ‘ക്ലീനര്‍ എയര്‍ സ്‌പേസുകള്‍’ (Cleaner Air Spaces) തുറന്നതായി മേയര്‍ ഒലീവിയ ചൗ അറിയിച്ചു. ഇതിനുപുറമെ, നഗരത്തിലുടനീളം അഞ്ഞൂറിലധികം കൂളിംഗ് സെന്ററുകള്‍ സ്ഥാപിക്കുകയും രാത്രി 11:45 വരെ നീന്തല്‍ക്കുളങ്ങളുടെ പ്രവര്‍ത്തന സമയം നീട്ടുകയും ചെയ്തിട്ടുണ്ട്. തെരുവില്‍ കഴിയുന്നവര്‍ക്കായി താല്‍ക്കാലിക ഷെല്‍ട്ടറുകളും ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ച പിയേഴ്‌സണ്‍ എയര്‍പോര്‍ട്ടില്‍ താപനില 36.2 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിരുന്നു. ടൊറന്റോയില്‍ ഈ വര്‍ഷം താപനില 30 ഡിഗ്രിക്ക് മുകളില്‍ എത്തുന്ന പതിമൂന്നാമത്തെ ദിവസമാണ് ബുധനാഴ്ച കടന്നുപോകുന്നത്. സാധാരണയായി ജൂലൈ പകുതിയോടെ വെറും 7 ദിവസം മാത്രമാണ് ഇത്രയും ഉയര്‍ന്ന ചൂട് അനുഭവപ്പെടാറുള്ളത്. സൂര്യതാപത്തിന്റെ ലക്ഷണങ്ങളായ ചുവന്നു തടിച്ച ചര്‍മ്മം, തലകറക്കം, ഭ്രമം എന്നിവ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ 911-ലേക്ക് വിളിക്കാന്‍ ടൊറന്റോ പബ്ലിക് ഹെല്‍ത്ത് മുന്നറിയിപ്പ് നല്‍കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!