നോവസ്‌കോഷ: ഹാലിഫാക്സില്‍ പാര്‍ക്കിങ് (On-Street Parking) നിരക്കുകള്‍ വര്‍ധിപ്പിച്ചു. ബുധനാഴ്ച മുതല്‍ പ്രവൃത്തിദിവസങ്ങളിലെ പാര്‍ക്കിങ് നിരക്കുകളില്‍ 25 ശതമാനത്തിന്റെ വര്‍ധനയാണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. 25 സെന്റിലേക്ക് ക്രമീകരിച്ചായിരിക്കും ഈ വര്‍ധന നടപ്പിലാക്കുക. ഇതിനൊപ്പം പ്രതിമാസ കമ്മ്യൂട്ടര്‍ പാര്‍ക്കിങ് പെര്‍മിറ്റ് ഫീസില്‍ 20 ഡോളറിന്റെ വര്‍ധനയും വരുത്തിയിട്ടുണ്ട്.
കഴിഞ്ഞ ജൂണ്‍ 23-ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് പാര്‍ക്കിങ് നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള ഈ നിര്‍ദ്ദേശങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്. ഈ ആഴ്ച മുതല്‍ ഡൗണ്‍ടൗണ്‍ ഹാലിഫാക്സിലും ഡൗണ്‍ടൗണ്‍ ഡാര്‍ട്ട്മൗത്തിലും ശനിയാഴ്ചകളിലും പെയ്ഡ് പാര്‍ക്കിങ് സംവിധാനം ആരംഭിക്കും. ഈ ദിവസങ്ങളില്‍ ആദ്യത്തെ ഒരു മണിക്കൂര്‍ പാര്‍ക്കിങ് തികച്ചും സൗജന്യമായിരിക്കും. എന്നാല്‍ അതിനുശേഷമുള്ള ഓരോ മണിക്കൂറിനും 2 ഡോളര്‍ വീതം ഉപഭോക്താക്കള്‍ നല്‍കേണ്ടിവരും.

കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ നടന്ന ബജറ്റ് ചര്‍ച്ചകള്‍ക്കിടയിലാണ് ശനിയാഴ്ചകളിലും പെയ്ഡ് പാര്‍ക്കിങ് ഏര്‍പ്പെടുത്താന്‍ ഹാലിഫാക്സ് കൗണ്‍സില്‍ ഐകകണ്‌ഠ്യേന തീരുമാനിച്ചത്. വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്ക് പേ സ്റ്റേഷനുകള്‍ വഴിയോ അല്ലെങ്കില്‍ ‘ഹോട്ട്സ്പോട്ട്’ ആപ്പ് വഴിയോ പണമടയ്ക്കാനുള്ള സൗകര്യമുണ്ട്.
വാണിജ്യപരമായി തിരക്കേറിയ പ്രദേശങ്ങളില്‍ ഹ്രസ്വകാല പാര്‍ക്കിങ് സുഗമമാക്കാനും, കൂടുതല്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യം ലഭ്യമാക്കാനും പുതിയ മാറ്റങ്ങള്‍ സഹായിക്കുമെന്ന് മുന്‍സിപ്പാലിറ്റി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ശനിയാഴ്ചകളില്‍ പെയ്ഡ് പാര്‍ക്കിങ് ബാധകമായ മേഖലകളുടെ മാപ്പ് നിലവില്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്.
