Wednesday, July 15, 2026

ഓഗസ്റ്റിലെ ലോങ് വീക്കെന്‍ഡ് യാത്രകള്‍ പ്രതിസന്ധിയിലായേക്കും; വെസ്റ്റ്‌ജെറ്റ് ജീവനക്കാര്‍ പണിമുടക്കിലേക്ക്

ഓട്ടവ: വരാനിരിക്കുന്ന ഓഗസ്റ്റ് ലോങ് വീക്കെന്‍ഡില്‍ യാത്രക പ്ലാന്‍ ചെയ്തിരിക്കുന്ന യാത്രക്കാരെ ആശങ്കയിലാഴ്ത്തി വെസ്റ്റ്‌ജെറ്റ് വിമാനക്കമ്പനിയിലെ ജീവനക്കാര്‍ പണിമുടക്കിലേക്ക്. വിമാനത്തിലെ ഏകദേശം 4,400-ഓളം വരുന്ന ഫ്‌ലൈറ്റ് അറ്റന്‍ഡന്റുമാരാണ് പണിമുടക്കിന് ഒരുങ്ങുന്നത്. വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ 99.4 ശതമാനം പേരും സമരത്തെ പിന്തുണച്ചതോടെ വരും ദിവസങ്ങളില്‍ വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് സൂചന.

കനേഡിയന്‍ യൂണിയന്‍ ഓഫ് പബ്ലിക് എംപ്ലോയീസ് (CUPE Local 8125) പ്രതിനിധീകരിക്കുന്ന ജീവനക്കാര്‍ക്ക് ഓഗസ്റ്റ് 2 ഞായറാഴ്ച മുതല്‍ നിയമപരമായി ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കാം. കാനഡയിലെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായ വെസ്റ്റ്‌ജെറ്റിന്റെ സര്‍വീസുകള്‍ പൂര്‍ണ്ണമായും തടസ്സപ്പെടാന്‍ ഇത് കാരണമാകും. കൂടാതെ ഫെഡറല്‍ അനുരഞ്ജന ചര്‍ച്ചകള്‍ക്കുള്ള കാലാവധി അവസാനിക്കുന്നതോടെ, ഇതേ തീയതി മുതല്‍ കമ്പനിക്കും ജീവനക്കാരെ ലോക്ക് ഔട്ട് ചെയ്യാന്‍ നിയമപരമായ അവകാശമുണ്ട്. കാനഡയിലെ പല പ്രവിശ്യകളിലും ഔദ്യോഗിക അവധി വരുന്നതിന് തൊട്ടുതലേന്നാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത് എന്നത് യാത്രക്കാരെ ആശങ്കയിലാക്കുന്നുണ്ട്.

ഏതൊരു പക്ഷവും പണിമുടക്കോ ലോക്ക് ഔട്ടോ പ്രഖ്യാപിക്കുന്നതിന് 72 മണിക്കൂര്‍ മുന്‍പ് നോട്ടീസ് നല്‍കേണ്ടതുണ്ട്. അതിനാല്‍ ഓഗസ്റ്റിലെ തങ്ങളുടെ യാത്രകള്‍ തടസ്സമില്ലാതെ നടക്കുമോ എന്നറിയാന്‍ കാനഡക്കാര്‍ ഈ മാസം അവസാനം വരെ കാത്തിരിക്കേണ്ടി വരും.

2025 അവസാന പാദം മുതല്‍ വെസ്റ്റ്‌ജെറ്റ് മാനേജ്മെന്റും യൂണിയനും തമ്മില്‍ പുതിയ കരാറിനായുള്ള ചര്‍ച്ചകള്‍ നടന്നു വരികയാണ്. 2021ല്‍ കോവിഡ് മഹാമാരിയുടെ സമയത്ത് ഒപ്പുവെച്ച മുന്‍ കരാര്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ കാലാവധി കഴിഞ്ഞിരുന്നു. കോവിഡ് കാലത്തെ കരാറായതിനാലും, നിലവിലെ പണപ്പെരുപ്പ നിരക്കിനൊപ്പം ശമ്പളം ഉയരാത്തതിനാലും പുതിയ കരാറില്‍ വലിയ മാറ്റങ്ങള്‍ ആവശ്യമാണെന്ന് വെസ്റ്റ്‌ജെറ്റ് സി.ഇ.ഒ അലക്‌സിസ് വോണ്‍ ഹോന്‍സ്‌ബ്രോക്ക് സമ്മതിക്കുന്നുണ്ട്. കാനഡയിലെ മറ്റ് എയര്‍ലൈന്‍സുകളെ അപേക്ഷിച്ച് തങ്ങള്‍ക്ക് ലഭിക്കുന്നത് ഏറ്റവും കുറഞ്ഞ വേതനമാണെന്നും അതില്‍ മാറ്റം വരണമെന്നുമാണ് യൂണിയന്‍ പ്രസിഡന്റ് ആലിയ ഹുസൈന്‍ വ്യക്തമാക്കുന്നത്.

2025 അവസാനത്തോടെ മുന്‍ കരാര്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് വെസ്റ്റ്ജെറ്റ് മാനേജ്മെന്റും ഫ്‌ലൈറ്റ് അറ്റന്‍ഡന്റുമാരും തമ്മില്‍ പുതിയ കരാറിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. യാത്രക്കാര്‍ വിമാനത്തില്‍ കയറുന്നതും (Boarding) ഇറങ്ങുന്നതുമായ (Deplaning) സമയങ്ങളിലോ അല്ലെങ്കില്‍ റണ്‍വേയിലെ താമസം മൂലമുണ്ടാകുന്ന കാത്തിരിപ്പ് സമയങ്ങളിലോ തങ്ങള്‍ക്ക് ശമ്പളം ലഭിക്കുന്നില്ലെന്നാണ് ജീവനക്കാരുടെ പ്രധാന പരാതി. ഒരു മാസം ശരാശരി 35 മണിക്കൂറോളം ഇത്തരത്തില്‍ പ്രതിഫലം ലഭിക്കാതെ ജോലി ചെയ്യേണ്ടി വരുന്നുണ്ടെന്ന് യൂണിയന്‍ ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ വടക്കേ അമേരിക്കയിലെ സ്റ്റാന്‍ഡേര്‍ഡ് പേ മോഡല്‍ അനുസരിച്ചാണ് തങ്ങള്‍ പ്രതിഫലം നല്‍കുന്നതെന്നാണ് വെസ്റ്റ്‌ജെറ്റിന്റെ വാദം. പറക്കല്‍ സമയത്തെ അടിസ്ഥാനമാക്കിയുള്ള ‘ക്രെഡിറ്റ് അവറുകള്‍’ (Credit Hours) കണക്കാക്കിയാണ് തങ്ങള്‍ ഉയര്‍ന്ന നിരക്കില്‍ ശമ്പളം നല്‍കുന്നതെന്നും, ജോലി ചെയ്യുന്ന ഓരോ മണിക്കൂറിനും ജീവനക്കാര്‍ക്ക് കൃത്യമായ പ്രതിഫലം ലഭിക്കുന്നുണ്ടെന്നും സി.ഇ.ഒ അവകാശപ്പെടുന്നു. എന്നാല്‍ ഫ്‌ലൈറ്റ് വൈകുന്നത് പോലുള്ള അപ്രതീക്ഷിത സാഹചര്യങ്ങളില്‍ ഈ രീതി ജീവനക്കാര്‍ക്ക് വലിയ നഷ്ടമുണ്ടാക്കുന്നുവെന്നാണ് യൂണിയന്റെ പക്ഷം. ചില മാസങ്ങളില്‍ ഫെഡറല്‍ മിനിമം വേതനമായ 18.15 ഡോളറിനേക്കാള്‍ കുറഞ്ഞ തുക മാത്രമാണ് ജീവനക്കാര്‍ക്ക് മണിക്കൂറിന് ലഭിച്ചതെന്നും യൂണിയന്‍ ആരോപിക്കുന്നു.

വേതന വ്യവസ്ഥയില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന് സി.ഇ.ഒ അറിയിച്ചിട്ടുണ്ടെങ്കിലും, അത് കമ്പനിയുടെ സാമ്പത്തിക ഭദ്രതയെ ബാധിക്കാത്ത രീതിയിലായിരിക്കണം എന്ന നിലപാടിലാണ് മാനേജ്മെന്റ്. 10 മാസമായി ചര്‍ച്ചകള്‍ നടത്തിയിട്ടും വേതന കാര്യത്തില്‍ കൃത്യമായൊരു തീരുമാനത്തില്‍ എത്താന്‍ കഴിയാത്തതിനാലാണ് പണിമുടക്ക് വോട്ടെടുപ്പിലേക്ക് നീങ്ങേണ്ടി വന്നതെന്ന് യൂണിയന്‍ ഭാരവാഹികള്‍ പറയുന്നു. എങ്കിലും പണിമുടക്ക് വോട്ട് നടന്നു എന്നതുകൊണ്ട് ചര്‍ച്ചകള്‍ അവസാനിക്കുന്നില്ലെന്നും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ ഒരു കരാറിലെത്താന്‍ 24 മണിക്കൂറും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും യൂണിയന്‍ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ, 2024 ലെ കാനഡ ഡേ ലോങ് വീക്കെന്‍ഡില്‍ വെസ്റ്റ്‌ജെറ്റിലെ മെക്കാനിക്കുകള്‍ നടത്തിയ പെട്ടെന്നുള്ള പണിമുടക്ക് പതിനായിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാഴ്ത്തിയിരുന്നു. സമാനമായൊരു പ്രതിസന്ധി ഇത്തവണയും ഉണ്ടാകുമോ എന്ന ആശങ്കയിലാണ് കാനഡയിലെ യാത്രാപ്രേമികള്‍.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!