തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ദൗത്യമായ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് കേരളം സന്ദർശിക്കും. കൊച്ചിയിൽ നടക്കുന്ന പ്രത്യേക പരിപാടിയിൽ നടൻ മോഹൻലാലിനൊപ്പം വിജയ് പങ്കെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
ചെന്നൈയിൽ സി ജോസഫ് വിജയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ആഭ്യന്തരമന്ത്രി ഇക്കാര്യം അറിയിച്ചത്. അരമണിക്കൂറിലേറെ നീണ്ട ചർച്ചയിൽ ലഹരിക്കെതിരായ സംയുക്ത നടപടികൾ ഉൾപ്പെടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കേരള–തമിഴ്‌നാട് അതിർത്തികളിൽ പൊലീസ് നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനും ഇരു സംസ്ഥാനങ്ങളും തമ്മിൽ ഇന്റലിജൻസ് വിവരങ്ങളും മറ്റ് നിർണായക വിവരങ്ങളും കൈമാറുന്നതിനും വിജയ് പൂർണ പിന്തുണ അറിയിച്ചതായി രമേശ് ചെന്നിത്തല വ്യക്തമാക്കി. വിഷയത്തിൽ തമിഴ്‌നാട് പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെയും സെക്രട്ടറിമാരുടെയും യോഗം വിജയ് വിളിച്ചുചേർത്തതായും അദ്ദേഹം പറഞ്ഞു.

ഓപ്പറേഷൻ തൂഫാന്റെ ബ്രാൻഡ് അംബാസിഡറായ മോഹൻലാലിനൊപ്പം വിജയ് പങ്കെടുക്കുന്ന പൊതുപരിപാടി എറണാകുളത്ത് സംഘടിപ്പിക്കാനാണ് തീരുമാനം. മുഖ്യമന്ത്രി വി ഡി സതീശനും ചടങ്ങിൽ പങ്കെടുക്കും.മോഹൻലാലും വിജയും നേരത്തെ ‘ജില്ല’ എന്ന തമിഴ് ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. ലഹരിക്കെതിരായ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് ഇരുവരുടെയും സാന്നിധ്യം കൂടുതൽ ജനപിന്തുണ നേടാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ആഭ്യന്തരവകുപ്പ്.
ലഹരി ഉപയോഗത്തിനും ലഹരി കടത്തിനുമെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്ന സംസ്ഥാനത്തിന്റെ നീക്കങ്ങൾക്ക് അയൽസംസ്ഥാനത്തിന്റെ സഹകരണം ലഭിക്കുന്നത് ഓപ്പറേഷൻ തൂഫാന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്.
