ടൊറന്റോ: വാട്ടർലൂ മേഖലയും സമീപ പ്രദേശങ്ങളും ഉൾപ്പെടെ തെക്കൻ ഒന്റാരിയോയിലുടനീളം ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു. കടുത്ത ചൂടിനൊപ്പം വനത്തീയിൽ നിന്നുള്ള പുകമൂലം വായു നിലവാരവും മോശമായതോടെ പരിസ്ഥിതി അധികൃതർ ആരോഗ്യ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.
ചൊവ്വാഴ്ച ചിലയിടങ്ങളിൽ താപനില 34 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നപ്പോൾ, ഹ്യൂമിഡെക്സ് 41 ഡിഗ്രി വരെ രേഖപ്പെടുത്തി. ബുധനാഴ്ചയും ചൂട് തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. 31 ഡിഗ്രി സെൽഷ്യസ് വരെ താപനിലയും 34 ഡിഗ്രിക്ക് സമീപം ഹ്യൂമിഡെക്സുമാണ് പ്രതീക്ഷിക്കുന്നത്.
വടക്കുപടിഞ്ഞാറൻ ഒന്റാരിയോയിലെ വനത്തീയിൽ നിന്നുള്ള പുകയാണ് തെക്കൻ ഒന്റാരിയോയിൽ വായു നിലവാരം മോശമാകാൻ കാരണമെന്ന് എൻവയോൺമെന്റ് കാനഡ അറിയിച്ചു. ഇതേ തുടർന്ന് പ്രദേശത്ത് യെല്ലോ-ലെവൽ എയർ ക്വാളിറ്റി മുന്നറിയിപ്പും നിലനിൽക്കുകയാണ്.

മുതിർന്നവർ, ഗർഭിണികൾ, ചെറിയ കുട്ടികൾ, ശ്വാസകോശ രോഗങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നിവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. പുകയുടെ അളവ് വർധിക്കുന്നതിനനുസരിച്ച് ആരോഗ്യ അപകടസാധ്യതയും കൂടുമെന്നും, പുറം ജോലികൾ പരമാവധി ഒഴിവാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.
കടുത്ത ചൂടിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി കിച്ചനർ, കേംബ്രിഡ്ജ് നഗരങ്ങളിലെ നിരവധി ഔട്ട്‌ഡോർ സ്വിമ്മിങ് പൂളുകളും സ്പ്ലാഷ് പാഡുകളും പതിവിലും കൂടുതൽ സമയം തുറന്നുവെക്കുമെന്ന് നഗര ഭരണകൂടങ്ങൾ അറിയിച്ചു.ചൂടും മോശം വായു നിലവാരവും ഒരേസമയം അനുഭവപ്പെടുന്ന സാഹചര്യത്തിൽ ആവശ്യത്തിന് വെള്ളം കുടിക്കാനും തണലുള്ള ഇടങ്ങളിൽ കഴിയാനും ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നുണ്ട്.
