ഓട്ടവ : രാജ്യത്തെ ഭവനപ്രതിസന്ധിക്ക് പരിഹാരമായി വീടുകൾ വേഗത്തിൽ നിർമ്മിക്കുന്നതിനായി പുതിയ ഏജൻസി ആരംഭിക്കാൻ ഫെഡറൽ സർക്കാർ ഒരുങ്ങുന്നു. എന്നാൽ നിലവിലെ സ്ഥിതി അതീവഗുരുതരമാണെന്ന് ആഭ്യന്തര സർക്കാർ രേഖകൾ വ്യക്തമാക്കുന്നു. ഈ ആഴ്ച ആദ്യം നടന്ന ലിബറൽ കോക്കസ് റിട്രീറ്റിൽ പ്രധാനമന്ത്രി മാർക്ക് കാർണി തന്റെ സർക്കാർ വരും ദിവസങ്ങളിൽ പുതിയ ഏജൻസി ആരംഭിക്കുമെന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ മെയ് മാസത്തിൽ പുതിയ ഭവന മന്ത്രി ഗ്രിഗർ റോബർട്ട്‌സണിനായി തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം ചെലവേറിയ ഭവനങ്ങൾ കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും ആളുകൾക്ക് താമസിക്കാൻ സ്ഥലങ്ങൾ കണ്ടെത്തുന്നത് ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നുവെന്ന് സൂചിപ്പിക്കുന്നു. 2020 മുതൽ കാനഡയിൽ ഒരു റെസിഡൻഷ്യൽ കെട്ടിടം നിർമ്മിക്കുന്നതിനുള്ള ചെലവ് 58% വർധിച്ചതായും യുഎസ് താരിഫുകൾ കാരണം ഇത് ഇനിയും ഉയർന്നേക്കാമെന്നും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

ദുർബലരായ ജനവിഭാഗങ്ങൾക്കും താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്കും അനുയോജ്യമായ വീടുകളുടെ അഭാവം മൂലം അവരുടെ അടിസ്ഥാന ഭവന ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കാതെ വരുന്നതായി റിപ്പോർട്ടിൽ പറയുന്നു. കൂടാതെ മധ്യവർഗ കനേഡിയൻ പൗരന്മാരും വീടുകൾ വാങ്ങാൻ പാടുപെടുന്നുണ്ട്. ഇതോടെ കൂടുതൽ ആളുകൾ വാടകവീടുകളെ ആശ്രയിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇത് വാടകവീടുകളുടെ ലഭ്യത കുറയുകയും വാടക കുതിച്ചുയരാൻ കാരണമാകുന്നതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

സമീപ വർഷങ്ങളിൽ മറ്റ് G7 രാജ്യങ്ങളിലെ വളർച്ചയെ മറികടന്ന കാനഡയുടെ ജനസംഖ്യാ വളർച്ചയും ഭവനപ്രതിസന്ധിക്ക് ആക്കം കൂട്ടുന്നതായി രേഖകൾ വ്യക്തമാക്കുന്നു. 2025 ൽ കാനഡയിൽ വീടുകളുടെ വില കുതിച്ചുയരുമെങ്കിലും അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇത് കുറയുമെന്നും രേഖകൾ പ്രവചിക്കുന്നു. അതേസമയം ഭവന നിർമ്മാണം ഈ വർഷം മന്ദഗതിയിലാകുമെങ്കിലും 10 വർഷത്തെ ശരാശരിയേക്കാൾ മുകളിലായിരിക്കും. ഫെഡറൽ സർക്കാരിന്റെ നിയന്ത്രണ നടപടികളിലൂടെ ജനസംഖ്യാ വളർച്ച മന്ദഗതിയിലാകുന്നതിനനുസരിച്ച് വീടുകൾക്കുള്ള ഡിമാൻഡ് കുറയുകയും ഒഴിവുകളുടെ നിരക്ക് ഉയരുകയും ചെയ്യുമെന്ന് സർക്കാർ രേഖകൾ പറയുന്നു.
