ഓട്ടവ : ഉത്തേജക വിരുദ്ധ നിയമ ലംഘനത്തെ തുടർന്ന് കനേഡിയൻ ഒളിംപിക്സ് നീന്തൽ താരം പെന്നി ഒലെക്സിയാക്കിന് രണ്ട് വർഷത്തെ വിലക്ക് ഏർപ്പെടുത്തി രാജ്യാന്തര ടെസ്റ്റിങ് ഏജൻസി. 2025 ജൂലൈ 15 ആരംഭിച്ച വിലക്ക് 2027 ജൂലൈ 14 വരെ നിലനിൽക്കും. 2024 ഒക്ടോബറിനും 2025 ജൂണിനും ഇടയിൽ മൂന്ന് തവണ എവിടെയാണെന്ന് വെളിപ്പെടുത്തുന്നതിൽ പെന്നി ഒലെക്സിയാക്ക് പരാജയപ്പെട്ടതായി ഏജൻസി പറയുന്നു. തുടർന്ന് ജൂലൈയിൽ നടന്ന ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിൽ നിന്ന് ടൊറൻ്റോയിൽ നിന്നുള്ള 25 വയസ്സുള്ള ഒലെക്സിയാക് പിന്മാറുകയും താൽക്കാലിക സസ്പെൻഷൻ സ്വീകരിക്കുകയും ചെയ്തിരുന്നു.

കാനഡയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ ഒളിംപിക്സ് മെഡൽ നേടിയ വനിതാ അത്‌ലറ്റാണ് പെന്നി ഒലെക്സിയാക്. സമ്മർ ഒളിമ്പിക്സിൽ നാല് മെഡലുകൾ നേടുന്ന ആദ്യ കനേഡിയൻ വനിത എന്ന റെക്കോർഡും പെന്നിയുടെ സ്വന്തമാണ്. മൂന്ന് തവണ കാനഡയെ പ്രതിനിധീകരിച്ച് ഒളിംപിക്സിൽ പങ്കെടുത്തിട്ടുണ്ട്. കരിയറിൽ ഏഴ് ഒളിംപിക്സ് മെഡലുകളും (ഒരു സ്വർണം, രണ്ട് വെള്ളി, നാല് വെങ്കലം) ഒമ്പത് ലോക ചാമ്പ്യൻഷിപ്പ് മെഡലുകളും (രണ്ട് വെള്ളി, ഏഴ് വെങ്കലം) പെന്നി കരസ്ഥമാക്കി.
