കോഴിക്കോട്: സ്നേഹത്തിന്റെയും കരുണയുടെയും സന്ദേശവുമായി ഈസ്റ്റർ പുലർച്ചെ കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിൽ പുതിയൊരു അതിഥി കൂടി എത്തി. ഞായറാഴ്ച പുലർച്ചെ 6.50-നാണ് ഒരാഴ്ച പ്രായമുള്ള ആൺകുഞ്ഞിനെ അമ്മത്തൊട്ടിലിൽ ലഭിച്ചത്. 3.200 കിലോ ഗ്രാം തൂക്കമുള്ള കുരുന്നിന് ‘കനിവ്’ എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി അറിയിച്ചു.
പുലർച്ചെ കുഞ്ഞിന്റെ വരവറിയിച്ച് ആശുപത്രി നഴ്സിങ് സ്റ്റേഷനിൽ അലാറം മുഴങ്ങിയതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ ഉടൻ സ്ഥലത്തെത്തി. പ്രാഥമിക പരിശോധനകൾക്കായി കുഞ്ഞിനെ ഇന്റർകെയർ യൂണിറ്റിലേക്ക് മാറ്റി. നിലവിൽ കുട്ടി പൂർണ്ണ ആരോഗ്യവാനാണെന്നും ബീച്ച് ആശുപത്രിയിൽ സുരക്ഷിതമായി തുടരുന്നുണ്ടെന്നും ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ശ്രീദേവ് പറമ്പിൽ വ്യക്തമാക്കി.
സംസ്ഥാന ശിശുക്ഷേമ സമിതി ഇവിടെ അമ്മത്തൊട്ടിൽ സ്ഥാപിച്ച് ഏഴ് മാസം പിന്നിടുമ്പോൾ ലഭിക്കുന്ന ആറാമത്തെ കുട്ടിയാണ് കനിവ്. നേരത്തെ എത്തിയ അഞ്ച് കുട്ടികളിൽ നാല് പേർ ആൺകുട്ടികളും ഒരാൾ പെൺകുട്ടിയുമാണ്.

ആദ്യമെത്തിയ കുട്ടിക്ക് ആദി എന്നും രണ്ടാമത്തെ കുട്ടിക്ക് ഹെർത്ത്യൂസ് എന്നുമാണ് പേരിട്ടത്.ഫെബ്രുവരിയിൽ എത്തിയ പെൺകുട്ടിക്ക് ഗിരീഷ് പുത്തഞ്ചേരിയുടെ സ്മരണാർത്ഥം നിലാവ് എന്ന് പേരിട്ടു. മാർച്ചിൽ അടുത്തടുത്ത ദിവസങ്ങളിലായി എത്തിയ കുട്ടികൾക്ക് ആരവ്, നീരവ് എന്നിങ്ങനെയാണ് പേര് നൽകിയത്. കനിവിന്റെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. കുഞ്ഞിന് അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ എത്രയും വേഗം സംസ്ഥാന ശിശുക്ഷേമ സമിതിയുമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചിട്ടുണ്ട്. നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം കുട്ടിയെ സുരക്ഷിതമായ കരങ്ങളിലേക്ക് കൈമാറും
