മിയാമി: വിനോദസഞ്ചാര കപ്പലായ കാർണിവൽ ഹൊറൈസണിൽ വെച്ച് തന്റെ 18 വയസ്സുകാരിയായ സഹോദരിയെ ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ 16-കാരനായ സഹോദരനെതിരെ യുഎസ് നീതിന്യായ വകുപ്പ് കുറ്റം ചുമത്തി. ഫ്ലോറിഡ സ്വദേശിയായ പ്രതിയെ പ്രായപൂർത്തിയായ വ്യക്തിയായി പരിഗണിച്ചായിരിക്കും വിചാരണ ചെയ്യുക. 2025 നവംബറിൽ കുടുംബത്തോടൊപ്പം വിനോദയാത്ര നടത്തുന്നതിനിടെയാണ് അന്ന കെപ്നർ എന്ന പെൺകുട്ടി കൊല്ലപ്പെട്ടത്. കപ്പലിലെ മുറിയിൽ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പ്രതിയായ സഹോദരനും മറ്റൊരു കൗമാരക്കാരനും അന്നയോടൊപ്പം ഒരേ മുറിയിലായിരുന്നു താമസം. ശ്വാസംമുട്ടിച്ചാണ് അന്നയെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. പ്രതിക്ക് 16 വയസ്സ് മാത്രമാണെങ്കിലും കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇയാളെ മുതിർന്ന വ്യക്തിയായി കണ്ട് വിചാരണ ചെയ്യാൻ ഫെഡറൽ ജഡ്ജി ഉത്തരവിട്ടു. പ്രതിയുടെ പേര് രഹസ്യമായി വെച്ചിരുന്നെങ്കിലും കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസ് വിവരങ്ങൾ പുറത്തുവിട്ടത്. ഫെബ്രുവരിയിൽ അറസ്റ്റിലായെങ്കിലും പ്രതി നിലവിൽ അമ്മാവന്റെ സംരക്ഷണത്തിൽ ജാമ്യത്തിലാണ്. പ്രതിയെ ജയിലിലേക്ക് മാറ്റണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടെങ്കിലും കോടതി ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. പ്രതിയുടെ കാലിൽ ഒരു ഇലക്ട്രോണിക് നിരീക്ഷണ ഉപകരണം ഘടിപ്പിച്ചിട്ടുണ്ട്.

തന്റെ കൊച്ചുമകൾക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അന്നയുടെ മുത്തച്ഛൻ ജെഫ്രി കെപ്നർ പറഞ്ഞു. അതേസമയം, ഇത്രയും ഗൗരവകരമായ കുറ്റം ചെയ്തിട്ടും പ്രതിയെ കസ്റ്റഡിയിലെടുക്കാത്തതിൽ കുടുംബം ആശങ്ക രേഖപ്പെടുത്തി. യുഎസിലെ ഫെഡറൽ കോടതികളിൽ കൗമാരക്കാരെ വിചാരണ ചെയ്യുന്നത് വളരെ അപൂർവ്വമാണ്. അന്താരാഷ്ട്ര കടൽ അതിർത്തിയിൽ വെച്ച് നടന്ന കുറ്റകൃത്യമായതിനാലാണ് ഇത് ഫെഡറൽ അന്വേഷണ പരിധിയിൽ വന്നത്. ഫ്ലോറിഡയിലെ ടെമ്പിൾ ക്രിസ്ത്യൻ സ്കൂളിലെ ചിയർലീഡറായിരുന്നു കൊല്ലപ്പെട്ട അന്ന കെപ്നർ. ഊർജ്ജസ്വലയായ അന്നയുടെ വേർപാടുണ്ടാക്കിയ വേദനയിൽ നിന്നും ഇതുവരെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും മുക്തരായിട്ടില്ല.
