Wednesday, April 15, 2026

ആന്‍ഡമാന്‍ കടലില്‍ റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ ബോട്ട് മുങ്ങി; 250ഓളം പേരെ കാണാതായി

ന്യൂയോര്‍ക്ക്: ആന്‍ഡമാന്‍ കടലില്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളും ബംഗ്ലാദേശികളും സഞ്ചരിച്ച ബോട്ട് മറിഞ്ഞ് ഏകദേശം 250 ഓളം പേരെ കാണാതായതായി ഐക്യരാഷ്ട്രസഭ. ശക്തമായ കടല്‍ക്ഷോഭവും ബോട്ടിലെ അമിതഭാരവുമാണ് അപകടത്തിന് കാരണമായതെന്ന് യുഎന്‍ ഹൈക്കമ്മീഷണര്‍ ഫോര്‍ റെഫ്യൂജീസ് (UNHCR) അറിയിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്.

മ്യാന്‍മറിലെ ആഭ്യന്തര സംഘര്‍ഷങ്ങളില്‍ നിന്നും പീഡനങ്ങളില്‍ നിന്നും രക്ഷതേടി ഇന്തോനേഷ്യയിലേക്കും മലേഷ്യയിലേക്കും കടല്‍മാര്‍ഗ്ഗം പലായനം ചെയ്യുന്നതിനിടെയാണ് ദുരന്തം. ഏപ്രില്‍ ഒമ്പതിന് ഒരു സ്ത്രീയുള്‍പ്പെടെ ഒമ്പത് പേരെ ബംഗ്ലാദേശ് കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തിയിരുന്നു. ആഴക്കടലില്‍ മരത്തടികളിലും ഡ്രമ്മുകളിലും തൂങ്ങിക്കിടന്ന ഇവരെ 36 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്താണ് മനുഷ്യക്കടത്തുകാര്‍ തങ്ങളെ ബോട്ടില്‍ കയറ്റിയതെന്ന് രക്ഷപ്പെട്ടവര്‍ വെളിപ്പെടുത്തി. ബോട്ടിനുള്ളില്‍ ശ്വാസം മുട്ടി പലരും നേരത്തെ തന്നെ മരിച്ചിരുന്നതായും അതിഭീകരമായ സാഹചര്യമായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.

2017-ലെ സൈനിക നടപടിക്ക് ശേഷം ലക്ഷക്കണക്കിന് റോഹിങ്ക്യകളാണ് ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നത്. റോഹിങ്ക്യന്‍ അഭയാര്‍ത്ഥി പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാത്തതാണ് ഇത്തരം തുടര്‍ച്ചയായ ദുരന്തങ്ങള്‍ക്ക് കാരണമെന്ന് ഐക്യരാഷ്ട്രസഭ കുറ്റപ്പെടുത്തി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!